ഒറ്റപ്പാലം: ഹോട്ടലുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം ശേഖരിക്കുന്നത് നഗരസഭ നിർത്തലാക്കിയ സാഹചര്യത്തിൽ ഉറവിട സംസ്കരണത്തിന് സബ്‌സിഡി ഉൾെപ്പടെയുള്ള സഹായങ്ങൾ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് നഗരസഭ ചെയർമാൻ. നഗരപരിധിക്കുള്ളിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച പ്രത്യേക കൗൺസിൽ യോഗത്തിലാണ് ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി ഇക്കാര്യം അറിയിച്ചത്. ഇതിനായി സ്ഥാപന ഉടമകളെ ഉൾപ്പെടുത്തി യോഗം വിളിച്ചുകൂട്ടും. ബോധവത്കരണ ഭാഗമായി ഒന്നാംഘട്ടമെന്ന നിലയിൽ 28ന് ഉച്ചക്ക് 2.30ന് െറസിഡൻറ്സ് അസോസിയേഷനുകളുടെയും 3.30ന് കുടുംബശ്രീ, സി.ഡി.എസ്, എ.ഡി.എസ് പ്രതിനിധികളുടെയും യോഗം നടക്കും. അതത് വാർഡുകളിൽ കൗൺസിലർമാരുടെ നേതൃത്വത്തിലും യോഗങ്ങൾ സംഘടിപ്പിക്കും. 36 വാർഡുകളിലും ബോധവത്കരണവും പരിശീലന പരിപാടികളും ലഘുലേഖ വിതരണവും നടത്തും. ജൈവ മാലിന്യം വീടുകളിൽനിന്ന് നേരിട്ട് നഗരസഭ സംഭരിക്കുന്ന നിലവിലെ രീതി ഇല്ലാതാക്കും. വീടുകളിൽ തന്നെ മാലിന്യം സംസ്കരിക്കാൻ നടപടി സ്വീകരിക്കുകയും പരിശീലനം നൽകുകയും ചെയ്യും. ഇതോടനുബന്ധിച്ച് ബയോഗ്യാസ് പ്ലാൻറിനും മറ്റും തുടക്കമിടും. മാലിന്യം തള്ളുന്നത് തടയാൻ സ്ക്വാഡിെൻറ പ്രവർത്തനം ഊർജിതമാക്കും. നഗരത്തിലെ 15 കേന്ദ്രങ്ങളിലായി സി.സി.ടി.വി കാമറകൾ സ്ഥാപിക്കുമെന്നും ചെയർമാൻ അറിയിച്ചു. 'മാലിന്യ ശേഖരണം നിർത്താനുള്ള തീരുമാനം വിനയായി' ഒറ്റപ്പാലം: ബദൽ സംവിധാനം ഏർപ്പെടുത്താതെ ഹോട്ടലുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ ശേഖരിക്കുന്നത് പൊടുന്നനെ നിർത്താനുള്ള തീരുമാനം വിനയായതായി സി.പി.എം ഭരണസമിതിയിലെ കൗൺസിലർ പി. പ്രദീപ്കുമാർ യോഗത്തിൽ കുറ്റപ്പെടുത്തി. മൂന്നാഴ്ചയായി നഗരം കുമിഞ്ഞുകൂടുന്ന മാലിന്യത്താൽ ദുർഗന്ധപൂരിതമാണ്. ഉറവിട മാലിന്യ സംസ്കരണ സൗകര്യമില്ലാത്ത വ്യാപാരികൾക്ക് മാലിന്യം ഒഴിവാക്കാൻ ബദൽ സംവിധാനമില്ല. ഇവരിൽനിന്ന് മാലിന്യം ശേഖരിക്കാൻ പ്രത്യേകമായി ഒരു ഏജൻസിയെ ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.