മഴക്കെടുതിക്ക് പിന്നാലെ കാട്ടാന ശല്യവും; ഊർങ്ങാട്ടിരിക്കാർക്ക് ദുരിതം

അരീക്കോട്: കനത്ത മഴമൂലം ജീവനും സ്വത്തിനും ഭീതി നേരിടുന്ന ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിലെ ആദിവാസികൾക്കും കർഷകർക്കും ദുരിതം സമ്മാനിച്ച് കാട്ടാനക്കൂട്ടത്തി​െൻറ അതിക്രമം. ഓടക്കയം, വെറ്റിലപ്പാറ, ചീങ്കണ്ണിപ്പാലി മേഖലകളിലെ ജനങ്ങളാണ് കടുത്ത ഭീതിയിൽ ഓരോ ദിവസവും തള്ളിനീക്കുന്നത്. മഴക്കെടുതിയും കാട്ടാനശല്യവും മുമ്പും ഏറെ അനുഭവിക്കേണ്ടി വന്ന പ്രദേശത്തുകാരാണിവർ. 2007ൽ വലിയ തോതിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതിനു ശേഷം 20 തവണയാണ് ഓടക്കയം ഭാഗത്ത് ഉരുൾപൊട്ടലുണ്ടായത്. ഇത്തവണയുണ്ടായ കനത്ത മഴയിലും വലിയ ഭീതിയിലാണ് ഇവിടുത്തുകാർ കഴിഞ്ഞിരുന്നത്. ഉരുൾപൊട്ടലുണ്ടായില്ലെങ്കിലും വൻ കൃഷിനാശം ഇവിടെയുണ്ടായി. കൂരങ്കല്ലിലെ ക്വാറിയിൽനിന്നുള്ള പാറ അവശിഷ്ടങ്ങളെല്ലാം കൃഷിയിടങ്ങളിൽ അടിഞ്ഞുകൂടിയതും കൃഷിസ്ഥലം നശിക്കാൻ കാരണമായി. ഇതിനൊക്കെ പുറമെയാണ് കാട്ടാനകളുടെ അതിക്രമം. കൊടുമ്പുഴ, മാങ്കുളം, നെല്ലിയായി തുടങ്ങിയ ആദിവാസി മേഖലകളിലാണ് ആനകളുടെ വിളയാട്ടം. ജനവാസ കേന്ദ്രങ്ങളിലിറങ്ങി ആനകൾ നടത്തുന്ന അക്രമം വർഷങ്ങളായി പതിവുള്ളതാണെങ്കിലും ഒരു പരിഹാരവും ഇതുവരെ ഉണ്ടായില്ല. വേനൽക്കാലത്ത് വെള്ളം തേടിയാണ് ആനകളെത്തുന്നതെങ്കിൽ ഇപ്പോൾ ചക്ക തിന്നാനായാണ് ആനകൾ ജനവാസകേന്ദ്രത്തിലിറങ്ങുന്നത്. നൂറുകണക്കിന് കമുകുകൾ ആനകൾ ഇവിടെ നശിപ്പിച്ചിട്ടുണ്ട്. കൊടുമ്പുഴ അംഗൻവാടിയുടെ അടുത്തുവരെ ആനകൾ എത്തുന്നുണ്ട്. കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊടുമ്പുഴ ഫോറസ്റ്റ് ഓഫിസ് ഉപരോധിച്ചിരുന്നെങ്കിലും വകുപ്പ് അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.