ചാത്തല്ലൂർ ക്വാറി: പാരിസ്​ഥിതികാഘാതം പഠിക്കാൻ വിദഗ്ധ സമിതി

ക്വാറി പ്രവർത്തനം പൂർണമായും നിർത്താൻ കലക്ടറുടെ നിർദേശം മലപ്പുറം: എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂരിലെ ക്വാറിയുടെ പാരിസ്ഥിതികാഘാതം പഠിക്കാൻ ജില്ല ഭരണകൂടം പെരിന്തൽമണ്ണ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ വിദഗ്ധ സമിതിയെ നിയോഗിച്ചു. മൈനിങ് ആൻഡ് ജിയോളജി, പൊതുമരാമത്ത് (റോഡ്സ്), മണ്ണ് സംരക്ഷണ വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥരാണ് വിദഗ്ധ സമിതിയിലുള്ളത്. ജൂൺ 30ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്നും അതുവരെ ക്വാറിയുടെ പ്രവർത്തനം പൂർണമായും നിർത്തിവെക്കണമെന്നും ജില്ല കലക്ടർ അമിത് മീണ നിർദേശിച്ചു. ക്വാറിയുടെ പ്രവർത്തനംമൂലം പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ക്വാറി ഉടമകളുടേയും പ്രദേശവാസികളുടേയും പ്രതിനിധികളുമായി നടത്തിയ ചർച്ചക്കുശേഷമാണ് നിർദേശം നൽകിയത്. അനുവദിച്ചതിലധികം പാറ പൊട്ടിക്കുന്നുണ്ടെന്നും ജനവാസമേഖലയിൽനിന്ന് ദൂരപരിധി പാലിച്ചിട്ടില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു. റോഡിൽനിന്ന് നിശ്ചിത ദൂരപരിധിയിലല്ല ക്വാറി പ്രവർത്തിക്കുന്നത്. ചോലയുടെ ഒഴുക്ക് തടസ്സപ്പെടുത്തിയിട്ടുണ്ട്. ജില്ല കലക്ടർ സ്ഥലം പരിശോധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. എല്ലാ കാര്യങ്ങളും വിദഗ്ധസമിതി വിശദമായി പരിശോധിക്കുമെന്ന് കലക്ടർ ഉറപ്പ് നൽകി. നിലവിൽ പൊട്ടിച്ച പാറയും മെറ്റലും കൊണ്ടുപോകാൻ അനുവദിക്കണമെന്ന ക്വാറി ഉടമകളുടെ ആവശ്യം കലക്ടർ അംഗീകരിച്ചില്ല. പെരിന്തൽമണ്ണ ആർ.ഡി.ഒ കെ. അജീഷ്, എ.ഡി.എം വി. രാമചന്ദ്രൻ, ഏറനാട് തഹസിൽദാർ പി. സുരേഷ്, ജിയോളജിസ്റ്റ് കെ. ഇബ്രാഹിംകുഞ്ഞി, ഒാൾ കേരള ക്രഷർ ആൻഡ് ക്വാറി കോഓഡിനേഷൻ സമിതി ചെയർമാൻ ഇ.കെ. ആലിമൊയ്തീൻ, മുബാറക്ക് ക്വാറി മാനേജർ പി. മുഹമ്മദ്, പ്രദേശവാസികളായ കെ.ടി. അഹമ്മദ്, പാലേപ്ര സുരേഷ്കുമാർ, കാരീരി അജ്മൽ, ഹുദൈഫ് കമ്പളവൻ എന്നിവർ സംബന്ധിച്ചു. photo mplma1
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.