കൃഷ്ണവനം കൈയേറ്റ ഭീഷണിയിൽ

അഗളി: ബൊമ്മിയാംപടിയിൽ മൂന്നര പതിറ്റാണ്ട് മുമ്പ് കവയിത്രി സുഗതകുമാരിയുടെ നേതൃത്വത്തിൽ തരിശ് ഭൂമി ഹരിതാഭമാക്കിയ . സൈലൻറ്വാലി ബഫർ സോണിനോട് ചേർന്ന അതീവ പരിസ്ഥിതി പ്രാധാന്യമേറിയ വനമേഖലയിലാണ് ഭൂമാഫിയയുടെ കൈയേറ്റം. അട്ടപ്പാടിയെ ഹരിതവത്കരിക്കാൻ ഉണ്ടായ പ്രാരംഭ പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു കൃഷ്ണവനം പദ്ധതി. ബൊമ്മിയാംപടി പ്രദേശത്ത് 1983-84 കാലത്താണ് വനം വകുപ്പിൽനിന്ന് 57.48 ഹെക്ടർ ഭൂമി ഏറ്റെടുത്ത് പദ്ധതിയാരംഭിച്ചത്. അനിയന്ത്രിത മരം മുറിയും പ്രകൃതി ചൂഷണവും പ്രദേശത്തെ കൊടുംവരൾച്ചയിലെത്തിച്ചിരുന്നു. 1980കളിലെ കൊടും വരൾച്ചയുടെ പിടിയിൽനിന്ന് ബൊമ്മിയാംപടി, തേക്കുവട്ട എന്നീ ഊരുകളിലെ നീരുറവകൾ പുനരുജ്ജീവിപ്പിക്കുകയായിരുന്നു കൃഷ്ണവനം പ്രോജക്ടി​െൻറ പ്രധാന ലക്ഷ്യം. പദ്ധതി പ്രവർത്തനങ്ങൾ വൻ വിജയമായിരുന്നു എന്ന് ഊര് നിവാസികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ആദ്യകാല പരിസ്ഥിതി പുനരുജ്ജീവന പദ്ധതികളിൽ ഒന്നായിരുന്നു കൃഷ്ണവനം പദ്ധതി. എന്നാൽ, വനത്തി​െൻറ നിലനിൽപ് ഇന്ന് ഭീഷണിയുടെ നിഴലിലാണ്. പാടവയൽ വില്ലേജിലെ സർവേ നമ്പർ 209, 210, 211 എന്നിവയിലായി 16 ഏക്കർ ഭൂമിയാണ് അപഹരിക്കപ്പെട്ടത്. 22-02-2017ന് സെറ്റിൽമ​െൻറ് ആധാരപ്രകാരം മറിച്ചുവിറ്റ ഭൂമി നാല് കൈമാറ്റങ്ങളാണ് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ ഭൂരേഖകൾ നൽകി വൻ തുക ജില്ല സഹകരണ ബാങ്കിൽനിന്ന് കൈപ്പറ്റിയതായി അറിയുന്നു. പ്രോജക്ട് കാലയളവിൽ അവകാശവാദങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് വകുപ്പധികൃതർ പറയുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് കൈയേറ്റക്കാർ ഏക്കർക്കണക്കിന് കാട് വെട്ടിത്തെളിച്ച് അനുബന്ധ പ്രവർത്തനങ്ങൾക്ക് ഒരുങ്ങിയത്. വനം വകുപ്പി‍​െൻറ ക്യാമ്പ് ഷെഡിന് മുന്നിലൂടെയാണ് ഈ സ്ഥലത്തേക്ക് പ്രവേശിക്കുന്നത്. പരിസ്ഥിതി പുനരുജ്ജീവനത്തിന് നിർണായക പങ്കുവഹിച്ച കൃഷ്ണവനത്തി‍​െൻറ നിലനിൽപ് ഭീഷണിയിലാകുമെന്ന ആശങ്കയിലാണ് പരിസ്ഥിതി പ്രവർത്തകരും പ്രദേശവാസികളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.