മലപ്പുറം: സ്വകാര്യ ബസുകളിൽ വിദ്യാർഥികളോട് വിവേചനം പാടില്ലെന്ന് ജില്ല കലക്ടർ അമിത് മീണ. സ്റ്റുഡൻറ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അേദ്ദഹം. വിദ്യാർഥികൾക്ക് ബസിൽ ഇരിക്കാനുള്ള അവകാശം നിഷേധിക്കരുത്. ബസ് കയറാൻ വരിയിൽ നിർത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നും കലക്ടർ പറഞ്ഞു. വിദ്യാർഥികളുടെ യാത്രാപാസ് സംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥ പാലിച്ചുകൊണ്ടുതന്നെ മുന്നോട്ടുപോകാൻ ബസ് ഉടമകളുടെയും വിദ്യാർഥികളുടെയും പ്രതിനിധികൾ അടങ്ങുന്ന യോഗത്തിൽ ധാരണയായി. സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് അതത് സ്ഥാപനങ്ങളിലെ തിരിച്ചറിയൽ കാർഡുതന്നെ യാത്രാപാസ് ആയി ഉപയോഗിക്കാം. സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്കും ഇത് ബാധകമാണ്. മറ്റ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് ആർ.ടി.ഒ ഒപ്പുവെച്ച യാത്രാപാസ് ഒരു മാസത്തിനകം വിതരണം ചെയ്യും. അതുവരെ കാർഡ് ഇല്ലാതെതന്നെ നിരക്ക് ഇളവ് അനുവദിക്കണം. രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ വിദ്യാർഥികൾക്ക് സൗജന്യ നിരക്കിൽ യാത്ര ചെയ്യാൻ അനുവാദമുണ്ട്. ഐ.ടി.ഐ വിദ്യാർഥികൾക്ക് 7.30ന് ക്ലാസ് തുടങ്ങുന്നതിനാൽ അവർക്ക് ആറുമുതൽ പാസ് അനുവദിക്കണം. 40 കിലോമീറ്റർ വരെയാണ് സൗജന്യയാത്രക്ക് അവകാശമുള്ളത്. അവധിദിവസങ്ങളിലും വിദ്യാർഥികൾക്ക് പാസ് ഉപയോഗിച്ച് യാത്ര ചെയ്യാൻ അവകാശമുണ്ട്. വിദ്യാർഥികളുടെ യാത്ര സുഗമമാക്കാൻ ബസുടമകളും ജീവനക്കാരും സഹകരിക്കുമെന്ന് ബസ് ഓപറേറ്റേഴ്സ് സംഘടന പ്രതിനിധികൾ അറിയിച്ചു. എ.ഡി.എം വി. രാമചന്ദ്രൻ, ആർ.ടി.ഒ കെ.സി. മാണി, ഡി.ടി.ഒ രാധാകൃഷ്ണൻ, ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ പ്രതിനിധികളായ എം.സി. കുഞ്ഞിപ്പ, ശിവകരൻ, പി.കെ. മൂസ, ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികളായ ഹംസ എരീക്കുന്നൻ, മുഹമ്മദ് എന്ന നാണി ഹാജി, പക്കീസ കുഞ്ഞിപ്പ, സിയാദ് പേങ്ങാടൻ (കെ.എസ്.യു), ടി.പി. ഹാരിസ് (എം.എസ്.എഫ്) എന്നിവരും പങ്കെടുത്തു. കെ.എസ്.ആർ.ടി.സി പാസുകൾ നാമമാത്രം; പുനഃപരിശോധനക്ക് കമ്മിറ്റി മലപ്പുറം: ജില്ലയിൽ കെ.എസ്.ആർ.ടി.സി വിദ്യാർഥികൾക്ക് നൽകുന്ന നിരക്ക് ഇളവ് പാസുകൾ ആയിരത്തിൽ താഴെ. ഇത് വർധിപ്പിക്കാൻ നടപടിയുണ്ടാകണമെന്ന് സ്റ്റുഡൻറ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിൽ ആവശ്യമുയർന്നു. ചുരുക്കംചില ഒാർഡിനറി ബസുകളിൽ മാത്രമാണ് കൺസെഷൻ നൽകുന്നത്. കെ.എസ്.ആർ.ടി.സി പാസ് വിതരണത്തെക്കുറിച്ച് പഠിക്കാൻ ആർ.ടി.ഒ, എ.ഡി.എം, ഡി.ടി.ഒ (കെ.എസ്.ആർ.ടി.സി) എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിയെ ജില്ല കലക്ടർ നിയോഗിച്ചു. കമ്മിറ്റിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കൂടുതൽ പാസ് അനുവദിക്കുന്ന കാര്യം പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.