മഞ്ചേരി: സംസ്ഥാനത്ത് ഡെങ്കിപ്പനി, ജലജന്യരോഗങ്ങൾ, ഈഡിസ് കൊതുകുകളുടെ സാന്ദ്രത എന്നിവ കണ്ടെത്താൻ ആരോഗ്യ വകുപ്പ് നടത്തിയ സർവേയുടെ വിവരങ്ങൾ പ്രകാരം രോഗപ്രതിരോധം ഊർജിതമാക്കാൻ നിർദേശം. രോഗം റിപ്പോർട്ട് ചെയ്തതിെൻറ വിവരങ്ങളും കൊതുകുകളുടെ സാന്നിധ്യവും കണക്കാക്കിയാണ് പട്ടിക തയാറാക്കിയത്. ഈ മേഖലകളിൽ കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനുള്ള ഊർജിത നടപടിക്കും നിർദേശിച്ചു. ജില്ലയിൽ എടവണ്ണ, തൃക്കലങ്ങോട്, കാവനൂർ, ചുങ്കത്തറ, അങ്ങാടിപ്പുറം, വേങ്ങര, കൊണ്ടോട്ടി, ചേലേമ്പ്ര, ചെറുകാവ്, കാളികാവ് എന്നിവിടങ്ങളിൽ 2017ൽ വലിയതോതിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ഇടത്തരം രോഗ ബാധിത പ്രദേശങ്ങളായി പോത്തുകൽ, കീഴുപറമ്പ്, പൂക്കോട്ടൂർ, മലപ്പുറം, മങ്കട, പള്ളിക്കൽ, വണ്ടൂർ, നെടിയിരുപ്പ് എന്നിവയും ഉൾപ്പെട്ടിരുന്നു. അതേസമയം, ഈ വർഷം പത്തോളം പേർക്ക് ഡെങ്കിപ്പനി പിടിപെട്ട കരുവാരകുണ്ട് പഞ്ചായത്ത് ഈ പട്ടികയിൽ എവിടെയും ഇല്ല. 2017 നവംബർ ഒന്നുമുതൽ ഡിസംബർ 15 വരെ കാലയളവിൽ നടത്തിയ സർവേ പ്രകാരമുള്ളതാണ് ഈഡിസ് കൊതുകു സാന്ദ്രതയുടെ വിവരങ്ങൾ. മഞ്ചേരി, മലപ്പുറം, പെരിന്തൽമണ്ണ നഗരസഭകളിലാണ് സാന്ദ്രത കൂടുതൽ. എടവണ്ണ, കാവനൂർ, ചുങ്കത്തറ, വേങ്ങര എന്നിവിടങ്ങളിലും ഉയർന്ന തോതിൽ ഈഡിസ് കൊതുകുകളെ കണ്ടെത്തിയതാണ്. ജലജന്യ രോഗമായ കോളറ മുൻ വർഷം റിപ്പോർട്ട് ചെയ്ത പ്രദേശമാണ് കുറ്റിപ്പുറം. കൊണ്ടോട്ടിയും മൊറയൂരും ടൈഫോയ്ഡും ഊരകം, അങ്ങാടിപ്പുറം, മങ്കട, തൃക്കലങ്ങോട്, മഞ്ചേരി, കാവനൂർ, കണ്ണമംഗലം, കീഴുപറമ്പ്, അരീക്കോട് മേഖലകളിൽ ഹെപ്പറ്റൈറ്റിസ് എയും റിപ്പോർട്ട് ചെയ്തു. പകർച്ചരോഗ നിയന്ത്രണത്തിെൻറ ഭാഗമായി പഞ്ചായത്ത് ഡയറക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ജില്ലകളിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഒാഫിസിലെ സൂപ്രണ്ടുമാർക്കാണ് ഇതിെൻറ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.