നിലമ്പൂർ: വഴിക്കടവിൽ കരിമ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ‍്യവകുപ്പ് അതിജാഗ്രതയിൽ. ജില്ല മെഡിക്കൽ ഓഫിസ് ടെക്നിക്കൽ അസിസ്റ്റൻറ് കൃഷ്ണൻ, ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് ഹെൽത്ത് സൂപ്പർവൈസർ രാമദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘം വീടുകളിലും തൊഴുത്തുകളിലും സ്പ്രേയിങ് നടത്തി. വഴിക്കടവ് പ്രാഥമികാരോഗ‍്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. അമീൻ ഫൈസൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രജിൻ ശങ്കർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറും അംഗങ്ങളും നാട്ടുകാരും പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മണലീച്ചയിലൂടെയാണ് കരിമ്പനി (കാലാ അസർ) പടരുന്നത്. രോഗിയിൽനിന്ന് പടരില്ല. വീടിെൻറ ഭിത്തിയിലെ ദ്വാരങ്ങളിലും തൊഴുത്തുകളിലും മറ്റുമാണ് മണലീച്ചയുടെ വാസം. ഇടവിട്ട പനിയും രക്തക്കുറവും വിളർച്ചയുമാണ് രോഗലക്ഷണം. ചികിത്സിച്ചില്ലെങ്കിൽ 95 ശതമാനമാണ് മരണസാധ‍്യത. 2003ലും 2013ലും നിലമ്പൂർ മേഖലയിൽ കരിമ്പനി സ്ഥിരീകരിച്ചിരുന്നു. 2003ൽ രോഗം സ്ഥിരീകരിച്ചയാൾ മൂന്ന് മാസത്തിനുശേഷം മരിച്ചു. വഴിക്കടവ് പുത്തരിപ്പാടത്ത് രണ്ടുമാസം മുമ്പാണ് 65കാരനിൽ രോഗലക്ഷണം കണ്ടത്. ഇടവിട്ടുള്ള പനിയെ തുടർന്നാണ് മുണ്ട ആരോഗ‍്യകേന്ദ്രത്തിൽ ചികിത്സക്കെത്തിയത്. സംശയം തോന്നിയ മെഡിക്കൽ ഓഫിസർ ഡോ. അമീൻ ഫൈസൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് കരിമ്പനി സ്ഥിരീകരിച്ചത്. പടം: 3 കരിമ്പനി കണ്ടെത്തിയതിനെ തുടർന്ന് വഴിക്കടവ് പുത്തരിപ്പാടത്തെത്തിയ വിദഗ്ധസംഘം പ്രതിരോധ പ്രവർത്തനത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.