മോഷണ കേസിലെ പ്രതിക്ക് നാലുവര്‍ഷം കഠിനതടവും പിഴയും

പാലക്കാട്: വീടി‍​െൻറ മുന്‍വാതിൽ പൂട്ട് തകര്‍ത്ത് ഉറങ്ങിക്കിടന്ന വയോധികയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല പൊട്ടിച്ചെടുത്ത സംഭവത്തില്‍ പ്രതിക്ക് നാലുവര്‍ഷം കഠിനതടവും പിഴയും. കോയമ്പത്തൂര്‍ മേട്ടുപാളയം ആപംകൊമ്പ് കരിമൊക്കയില്‍ ഷണ്‍മുഖനെയാണ് (49) പാലക്കാട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (മൂന്ന്) ശിക്ഷിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരം നാലുവര്‍ഷം കഠിനതടവും 4,000 രൂപ പിഴയുമാണ് ശിക്ഷ. 2012 ഡിസംബര്‍ 23നാണ് സംഭവം. ഒലവക്കോട് കലാസിയല്‍ വീട്ടില്‍ പരേതനായ മഹാരാജ‍​െൻറ ഭാര്യ ഭാഗ്യലക്ഷ്മിയുടെ (70) മാലയാണ് കവര്‍ന്നത്. പിക്കാസ് കൊണ്ട് മുന്‍വശത്തെ ഗ്രില്‍ ഗേറ്റി‍​െൻറ പൂട്ട് പൊളിച്ച് കൂട്ടുപ്രതിയായ വിജയനുമൊത്താണ് അതിക്രമിച്ച് കടന്ന് മോഷണം നടത്തിയത്. ഭാഗ്യലക്ഷ്മിയുടെ നിലവിളി കേട്ട് പ്രതികള്‍ ഗേറ്റ് ചാടിക്കടന്ന് ഓടിരക്ഷപ്പെട്ടു. 15 ദിവസത്തിനുശേഷം ഷണ്‍മുഖനെയും വിജയനെയും സംശയാസ്പദമായ സാഹചര്യത്തില്‍ സായ് ഹോസ്പിറ്റല്‍ ജങ്ഷന് സമീപത്തുനിന്നും നോര്‍ത്ത് എസ്.ഐ എം. സുജിത്ത് അറസ്റ്റ് ചെയ്തു. പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍നിന്ന് ആയുധങ്ങളും സ്വര്‍ണാഭരണങ്ങളും പൊലീസ് കണ്ടെടുത്തു. ഷണ്‍മുഖ‍‍​െൻറ കുറ്റസമ്മതമൊഴി പ്രകാരം, പ്രതി വിറ്റ ഈ കേസിലെ സ്വര്‍ണമാല പൊള്ളാച്ചിയിലെ ഫാത്തിമ ജ്വല്ലറിയില്‍നിന്നും പൊലീസ് കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കി. വിജയ‍​െൻറ വിചാരണ പിന്നീട് നടത്തും. ഹേമാംബിക നഗര്‍ പൊലീസ് അന്വേഷിച്ച കേസില്‍ പ്രോസിക്യൂഷനുവേണ്ടി സീനിയര്‍ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ പി. പ്രേംനാഥ് ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.