ഖേലോ ഇന്ത്യ: സായ് ഡി.ഡി.ജി കാലിക്കറ്റ് സര്‍വകലാശാല അധികൃതരുമായി ചർച്ച നടത്തി

തേഞ്ഞിപ്പലം: രാഷ്ട്രത്തി​െൻറ സ്‌പോര്‍ട്‌സ് വികസനത്തിന് സര്‍വകലാശാലകളുടെ പങ്ക് സുപ്രധാനമാണെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സന്ദീപ് പ്രധാന്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീറും മറ്റ് ഉന്നതാധികാരികളുമായി കായിക വികസനവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുകയായിരുന്നു അദ്ദേഹം. ദേശീയതലത്തില്‍ ഉജ്ജ്വല നേട്ടം കൈവരിച്ച സര്‍വകലാശാലയെ അദ്ദേഹം അഭിനന്ദിച്ചു. കേന്ദ്രസർക്കാറി​െൻറ ഖേലോ ഇന്ത്യ പദ്ധതിയനുസരിച്ച് സര്‍വകലാശാലയിലെയും കോളജുകളിലെയും സ്‌പോര്‍ട്‌സ് വികസനവുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. സായ് മേഖല ഡയറക്ടര്‍ ഡോ. ജി. കിഷോര്‍, തിരുവനന്തപുരം എല്‍.എന്‍.സി.പി.ഇ അസോസിയേറ്റ് പ്രഫസര്‍ ഡോ. പ്രദീപ് ദത്ത, സായ് ദേശീയ അത്‌ലറ്റിക് കോച്ച് ഡോ. വസീര്‍ സിങ്, സായ് അസിസ്റ്റൻറ് ഡയറക്ടര്‍ ദിവ്യ ജയചന്ദ്രന്‍, കോഴിക്കോട്, തലശ്ശേരി സായ് കേന്ദ്രങ്ങളുടെ ചുമതലയുള്ള അഗസ്റ്റിന്‍, ഡോ. എന്‍.ബി. സുരേഷ്, പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍, രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ്, സര്‍വകലാശാല കായിക വിഭാഗം ഡയറക്ടര്‍ ഇന്‍ചാർജ് ഡോ. കെ.പി. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍വകലാശാല സ്റ്റേഡിയവും കാമ്പസിലെ സ്‌പോര്‍ട്‌സ് അടിസ്ഥാന സൗകര്യങ്ങളും പരിശോധിച്ച സംഘം മതിപ്പ് രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.