പാലക്കാട്: ജില്ല ആശുപത്രിയിലെ ചികിത്സ പിഴവ് മൂലമുള്ള മരണങ്ങളെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി വൈസ് പ്രസിഡൻറ് സുമേഷ് അച്യുതൻ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. അണുവിമുക്തമാക്കാത്ത ഉപകരണങ്ങൾ ഉപയോഗിച്ച് ഡയാലിസിസ് നടത്തിയതിനെ തുടർന്ന് എട്ട് പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചത്, പട്ടികടിയേറ്റ ആറോളം പേര്‍ക്ക് ചികിത്സ വൈകിയത്, മരുന്നുമാറി കുത്തിവെച്ച് രോഗി ഗുരുതരാവസ്ഥയിലായ സംഭവം എന്നിവയും അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 13ന് തേങ്കുറശ്ശി സ്വദേശി അനന്തൻ മരിച്ചതാണ് ഒടുവിലത്തെ സംഭവം. അഞ്ച് വർഷത്തിനിടെ ആരോപണമുയർന്ന മരണങ്ങൾ അക്കമിട്ട് നിരത്തിയാണ് ഡി.സി.സി വൈസ് പ്രസിഡൻറ് പരാതി നൽകിയിരിക്കുന്നത്. 2015 ഒക്ടോബർ ഒമ്പതിനാണ് അണുവിമുക്തമാക്കാത്ത ഉപകരണങ്ങൾ ഉപയോഗിച്ച് ഡയാലിസിസ് നടത്തിയതിനെ തുടർന്ന് എട്ടുപേർക്ക് മഞ്ഞപ്പിത്തം ബാധിച്ചത്. 2016 ആഗസ്റ്റ് 30ന് പട്ടികടിയേറ്റ ആറുപേര്‍ക്കാണ് ചികിത്സ വൈകിപ്പിച്ചെന്ന ആക്ഷേപമുള്ളത്. പാമ്പ് കടിയേറ്റ് 11 കാരൻ ശ്രീജിത്ത് മരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പാലക്കാട് മണ്ഡലം പ്രസിഡൻറ് ബോബൻ മാട്ടുമന്ത നൽകിയ പരാതി അട്ടിമറിച്ചതായും ആരോപണമുണ്ട്. പാമ്പുകടിയേറ്റ് എത്തിയ കുട്ടിയെ ജില്ല ആശുപത്രിയിലും കുട്ടികളുടെ ആശുപത്രിയിലേക്കുമായി മാറ്റിവിട്ടത് ചികിത്സ വൈകാനിടയാക്കിയെന്നാണ് ബോബെൻറ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.