ഷൊർണൂർ: ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിൽ ഷൊർണൂർ കൊച്ചിപ്പാലത്തിൽ പരസ്യ ബോർഡുകളും കൊടിതോരണങ്ങളും നിറഞ്ഞു. ആശുപത്രികൾ, വിദ്യാലയങ്ങൾ, ഡോക്ടറുടെ വസതി എന്നിങ്ങനെ പൊതുജനങ്ങൾക്ക് അത്യാവശ്യം അറിയേണ്ട സൂചന ബോർഡുകൾ മാത്രമേ റോഡരികിൽ സ്ഥാപിക്കാൻ പാടുള്ളൂവെന്നതാണ് ചട്ടം. സ്വകാര്യ സ്ഥലത്ത് പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നത് പോലും റോഡിന് അഭിമുഖമാകാൻ പാടില്ല. സ്വകാര്യ സ്ഥലത്തെ പരസ്യ ബോർഡുകൾ റോഡിൽനിന്ന് 50 മീറ്റർ മാറി വേണമെന്നും നിബന്ധനയുണ്ട്. ഈ നിയമങ്ങളൊക്കെയും കാറ്റിൽ പറത്തിയാണ് കൊച്ചിപ്പാലത്തിന് മുകളിൽ പരസ്യ ബോർഡുകൾ വ്യാപകമായി സ്ഥാപിച്ചത്. വടക്കാഞ്ചേരി സെക്ഷൻ പൊതുമരാമത്ത് വകുപ്പിനാണ് പാലത്തിെൻറ ചുമതല. എന്നാൽ, വള്ളത്തോൾ നഗർ പഞ്ചായത്താണ് ടെൻഡർ നടത്തി രണ്ടര ലക്ഷം രൂപക്ക് അഞ്ച് വർഷത്തേക്ക് സ്വകാര്യ വ്യക്തിക്ക് ഇത് സംബന്ധിച്ച കരാർ നൽകിയിട്ടുള്ളതെന്നറിയുന്നു. കൊച്ചിപ്പാലത്തിെൻറ ഉദ്ഘാടനം കഴിഞ്ഞെങ്കിലും വഴിവിളക്കുകൾ സ്ഥാപിച്ചിരുന്നില്ല. ഇതിനാൽ രാത്രിയിൽ പാലത്തിന് മുകളിൽ അപകടം പതിവാകുകയും മൂന്നുപേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ചേലക്കര എം.എൽ.എയായിരുന്ന കെ. രാധാകൃഷ്ണെൻറ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് വഴിവിളക്കുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, ഇവ കത്തിയാൽ ചെറിയ ട്യൂബ് ലൈറ്റുകൾ ഉള്ളിൽ ഘടിപ്പിച്ചിട്ടുള്ള പരസ്യ ബോർഡുകളുടെ മിഴിവ് കുറയുമെന്നതിനാൽ ഇവ അഴിച്ചു കൊണ്ടുപോയി. ഇത് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം പഞ്ചായത്തിലും ജില്ല കലക്ടർക്കും എഴുതി ചോദിച്ചപ്പോൾ വഴിവിളക്കുകൾ എവിടെയെന്ന് അറിയില്ലെന്ന വിചിത്രമായ മറുപടിയും വിവരാവകാശ പ്രവർത്തകർക്ക് ലഭിച്ചിട്ടുണ്ട്. പലപ്പോഴും പാലത്തിൽ സ്ഥാപിച്ചിട്ടുള്ള കൊടികളും ബോർഡും റോഡിലേക്ക് വീഴുന്നുമുണ്ട്. ഇതും അപകടസാധ്യത കൂട്ടുന്നു. ഷൊർണൂരിൽ പൊതുമരാമത്ത് വകുപ്പിെൻറ റോഡരികിലും മറ്റും സ്ഥാപിച്ചിട്ടുള്ള അനധികൃത ബോർഡുകൾ നീക്കാൻ തുടങ്ങിയിട്ട് രണ്ട് മൂന്ന് ദിവസമായി. N B: വടക്കാഞ്ചേരി പൊതുമരാമത്ത് എൻജിനീയർ ഇത് സംബന്ധിച്ച് ചോദിച്ചപ്പോൾ പ്രതികരണം പിന്നീട് പറയാമെന്നാണ് പറഞ്ഞത്. അത് കിട്ടിയ ഉടനെ അയക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.