നിലമ്പൂർ: മേഖലയിൽനിന്ന് പടിയിറങ്ങിയ കോളറ 15 വർഷത്തിനുശേഷം വീണ്ടും സ്ഥിരീകരിച്ചത് മലയോരമേഖലയിൽ ആശങ്ക പടർത്തി. 2003ലാണ് അവസാനമായി നിലമ്പൂരിൽ കോളറ സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പിെൻറ പ്രതിരോധ പ്രവർത്തനം മൂലമാണ് നിയന്ത്രണവിധേയമായത്. വെള്ളിയാഴ്ച മമ്പാടും നിലമ്പൂരുമുള്ള രണ്ട് വയോധികരിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരും നിലമ്പൂരിലെ ചെറുകിട ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിരുന്നവരാണ്. രോഗികളിൽ ഒരാൾ ലോട്ടറി വിൽപനക്കാരനാണ്. ഇരുവരും ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹോട്ടൽ താൽക്കാലികമായി അടച്ചു. ഇവിടെനിന്ന് ശേഖരിച്ച വെള്ളം വിദഗ്ധ പരിശോധനക്ക് അയച്ചു. കോളറ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര‍്യംകൂടി കണക്കിലെടുത്ത് ജലജന‍്യരോഗങ്ങളെക്കുറിച്ച ബോധവത്കരണം മേഖലയിൽ ഊർജിതമാക്കി. നിലമ്പൂർ ബ്ലോക്ക് ഓഫിസിൽ തിങ്കളാഴ്ച ആരോഗ‍്യജാഗ്രത സമിതി വിളിച്ചു ചേർത്തു. ബ്ലോക്ക് ആരോഗ‍്യ മെഡിക്കൽ ഓഫിസർ ഡോ. അബ്ദുൽ ജലീലിെൻറ അധ‍്യക്ഷതയിൽ ആരോഗ‍്യവകുപ്പ്, ജനപ്രതിനിധികൾ, കൃഷി ഓഫിസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ഗ്രാമസേവകർ എന്നിവരുടെ ഇൻറർ-സെക്ടർ കോ-ഓഡിനേഷൻ യോഗമാണ് ചേർന്നത്. പകർച്ചവ‍്യാധികൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ‍്യവകുപ്പ് യോഗത്തിൽ മുന്നറിയിപ്പ് നൽകി. കഴിഞ്ഞവർഷം ജില്ലയിൽ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടത് നിലമ്പൂർ മേഖലയിലാണ്. 500 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഇതിൽ ഒരു ബാലിക ഉൾപ്പെടെ ഏഴ് സ്ത്രീകൾ മരിച്ചു. ഇത്തവണ ഡെങ്കിയെ വളരെ കരുതലോടെ നേരിടണമെന്നാണ് ആരോഗ്യവകുപ്പിെൻറ മുന്നറിയിപ്പ്. ഒരിക്കൽ ഡെങ്കിപ്പനി പിടിപെട്ടവർക്ക് വീണ്ടും വന്നാൽ മരണസാധ‍്യത കൂടുമെന്ന് ആരോഗ‍്യവകുപ്പ് പറഞ്ഞു. എലിപ്പനി, മഞ്ഞപ്പിത്തം, ചികുൻഗുനിയ, വയറിളക്കം, ഛർദ്ദി തുടങ്ങിയ പകർച്ച വ‍്യാധികൾക്കെതിരെയും ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി. ---------------------------------------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.