കോട്ടക്കൽ: വാഹന പരിശോധനക്കിടെ ടാക്സി ഡ്രൈവർമാർ നൽകിയ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വ്യാജ ടാക്സി പിടികൂടിയതോടെ പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. കോട്ടക്കലിൽ ആയുർവേദ ചികിത്സയുടെ പേരിൽ സ്വകാര്യ സ്ഥാപനങ്ങളുടെ മറവിലാണ് വ്യാജ ടാക്സികളുടെ കൊയ്ത്ത്. ചികിത്സക്കെത്തുന്ന വിദേശികൾക്കായുള്ള പാക്കേജിൽ ഉൾപ്പെടുത്തി നിരവധി ടാക്സികളാണ് ഇത്തരത്തിൽ ഓടുന്നത്. ചികിത്സക്കെത്തുന്ന ഭൂരിഭാഗം പേരും സമീപ ഭാഗങ്ങളിലെ വില്ലകളിലും ഫ്ലാറ്റുകളിലുമാണ് താമസം. ഇവിടെ നിന്നും ചികിത്സ കേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ സ്ഥാപനത്തിെൻറ കീഴിലെ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഇത്തരം ടാക്സികൾക്കെതിരെ ഡ്രൈവർമാരും തൊഴിലാളി സംഘടന ഭാരവാഹികളും മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വ്യാജ ടാക്സി പിടികൂടിയത്. തിരൂർ എം.വി.ഐ അനസ് മുഹമ്മദിെൻറ നേതൃത്വത്തിൽ കോട്ടക്കലിൽ നടത്തിയ പരിശോധനയിൽ ഡോക്ടറുടെ സ്റ്റിക്കർ ഒട്ടിച്ച് സർവിസ് നടത്തിയ ഇന്നോവ കാറാണ് കസ്റ്റഡിയിലെടുത്തത്. അറബികളുമായി കോട്ടക്കലിലെ ആശുപത്രിയിൽ എത്തിയതായിരുന്നു വാഹനം. പതിനായിരം രൂപയാണ് പിഴയീടാക്കിയത്. വാഹനം കോട്ടക്കൽ പൊലീസിന് കൈമാറുകയും ചെയ്തു. ജില്ലയിൽ പല ഭാഗത്തും ഇത്തരം വ്യാജ ടാക്സികൾ ഓടുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും തുടർ പരിശോധന കർശനമാക്കുമെന്നും തിരൂർ ജോ. ആർ.ടി.ഒ മുജീബ് മാധ്യമത്തോട് പറഞ്ഞു. വ്യാജ ടാക്സികൾ കാരണം നിത്യവരുമാനമില്ലാത്ത സ്ഥിതിയാണെന്നാന്ന് ഡ്രൈവർമാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.