ഹിന്ദുത്വ പ്രചാരണത്തെ ചെറുക്കാൻ സാംസ്കാരിക പ്രതിരോധം തീർക്കണം -മന്ത്രി തുഞ്ചൻപറമ്പിൽ ഓഡിയോ-വിഡിയോ വിഷ്വൽ കേന്ദ്രം സ്ഥാപിക്കും തിരൂർ: ഹിന്ദുത്വസംഘടനകൾ ദേശീയതലത്തിൽ നടത്തുന്ന പ്രചാരണങ്ങൾ ചെറുക്കാൻ സാംസ്കാരിക പ്രതിരോധം തീർക്കണമെന്ന് സാംസ്കാരിക മന്ത്രി എ.കെ. ബാലൻ. തുഞ്ചൻ ഉത്സവം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങളെ ശാസ്ത്രമെന്ന് ഔദ്യോഗികമായി പ്രചരിപ്പിക്കുന്ന കാലഘട്ടമാണിത്. എം.ടിയെ പോലെയുള്ളവർ നിർഭയമായി അഭിപ്രായം പറഞ്ഞതിെൻറ പേരിൽ ഭീഷണി നേരിട്ടു. മറ്റ് ചിലർക്ക് ജീവൻ നഷ്ടമായി. ഇത്തരം ശക്തികൾക്കെതിരെ തുഞ്ചൻപറമ്പ് പോലെയുള്ള സാംസ്കാരിക കേന്ദ്രങ്ങളെ കരുത്തുറ്റതാക്കുകയാണ് സർക്കാർ ലക്ഷ്യം. തുഞ്ചൻപറമ്പിൽ ഓഡിയോ-വിഡിയോ വിഷ്വൽ കേന്ദ്രം സ്ഥാപിക്കാൻ സഹായം നൽകും. എഴുത്തച്ഛൻ കൃതികൾ അന്യഭാഷകളിൽ കൂടി ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൊൽക്കത്ത കൈരളി സമാജം എൻഡോവ്മെൻറ് ഡോ. മനോജ് എടക്കനാടിന് എം.ടി. വാസുദേവൻ നായർ സമ്മാനിച്ചു. സാഹിത്യ ക്വിസ്, ദ്രുതകവിത രചന മത്സരവിജയികൾക്കുള്ള സമ്മാനദാനവും എം.ടി നിർവഹിച്ചു. തുഞ്ചൻ ട്രസ്റ്റ് അംഗം സി. ഹരിദാസ്, തിരൂർ നഗരസഭ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി പി. നന്ദകുമാർ സ്വാഗതവും പി. കൃഷ്ണൻകുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു. ഭരതനാട്യവും ഖവ്വാലി സംഗീതനിശയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.