മരുന്നുകളുടെ ദൗർലഭ്യം പ്രതിസന്ധി സൃഷ്ടിക്കുന്നു *കുടുങ്ങിക്കിടക്കുന്നവരിൽ ഗർഭിണികളും നെന്മാറ: മൂവായിരത്തോളം തൊഴിലാളികളും കുടുംബങ്ങളും കുടുങ്ങിക്കിടക്കുന്ന നെല്ലിയാമ്പതിയിലേക്ക് മരുന്നും ഭക്ഷ്യസാധനങ്ങളുമായി പുറപ്പെട്ട ഹെലികോപ്ടർ മോശം കാലാവസ്ഥയെ തുടർന്ന് തിരിച്ചിറക്കി. മഴയും കോടമഞ്ഞും കാരണമാണ് ഹെലികോപ്ടറിന് തടസ്സമായത്. പുറപ്പെട്ട് മൂന്ന് മിനിറ്റിനുള്ളിൽ തന്നെ തിരിച്ചിറക്കി. കാലാവസ്ഥ അനുകൂലമാണെങ്കിൽ തിങ്കളാഴ്ച ഹെലികോപ്ടർ പുറപ്പെടും. അവൈറ്റിസ് ആശുപത്രിയിലെ രണ്ടുനഴ്‌സുമാരും രണ്ട് ഡോക്ടർമാരുമടങ്ങുന്ന മെഡിക്കൽ ടീമുമാണ് യാത്ര സംഘത്തിലുണ്ടായിരുന്നത്. അവൈറ്റിസ് ആശുപത്രിയാണ് ഹെലികോപ്ടർ വിട്ടുതന്നത്. ഞായറാഴ്ച മൂന്നിന് നെന്മാറ എൻ.എസ്.എസ് കോളജ് ഗ്രൗണ്ടിൽനിന്ന് തിരിച്ച ഹെലികോപ്ടർ നെല്ലിയാമ്പതി ഓറഞ്ച് ഫാം ഗ്രൗണ്ടിൽ ഇറക്കുമെന്നാണ് അറിയിച്ചിരുന്നത്. ഞായറാഴ്ച രാവിലെ മുതൽ പി.കെ. ബിജു എം.പി, കെ. ബാബു എം.എൽ.എ, ചിറ്റൂർ തഹസിൽദാർ, നെന്മാറ സി.ഐ, എസ്.ഐ, അവൈറ്റിസ് ആശുപത്രി അധികൃതർ എന്നിവർ ഗ്രൗണ്ടിലെത്തിയിരുന്നു. മരുന്ന് എത്താത്തതാണ് നെല്ലിയാമ്പതി മേഖലയെ പ്രതിസന്ധിയിലാക്കുന്നത്. നെല്ലിയാമ്പതി മേഖലയിൽ 10 ഗർഭിണികളുണ്ടെന്ന് വൈസ് പ്രസിഡൻറ് കെ. ഗിരിജ പറഞ്ഞു. ഇതിൽ ഡോക്ടർമാർ പ്രസവ തീയതി നിശ്ചയിച്ചവർ വരെയുണ്ടെന്ന് അവർ പറഞ്ഞു. ആവശ്യത്തിന് ഭക്ഷ്യധാന്യമുണ്ടെങ്കിലും ക്യാമ്പുകളിൽ മരുന്നുകളുടെയും മറ്റ് ആരോഗ്യസംവിധാനങ്ങളുടെയും അഭാവം ഡോക്ടർമാരെ വലക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിന് പുതപ്പും മറ്റ് സാധനങ്ങളും കുറവാണെന്ന് ഡോക്ടർമാർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. നെല്ലിയാമ്പതിയിലേക്ക് റോഡ് നിർമാണം പുരോഗമിക്കുന്നു നെന്മാറ: ഉരുൾപൊട്ടലിൽ തകർന്ന നെന്മാറ-നെല്ലിയാമ്പതി റോഡ് ദ്രുതകർമസേനയുടെ സഹയത്തോടെ താൽക്കാലികമായി പുനർനിർമിക്കുന്നു. വിവിധ വകുപ്പുകളുടെയും കെ. ബാബു എം.എൽ.എയുടെയും മേൽനോട്ടത്തിലാണ് നിർമാണം. കുണ്ടറച്ചോലയിൽനിന്ന് ഏഴുകിലോമീറ്റർ ദൂരമാണ് താൽക്കാലികമായി നിർമിച്ചത്. ഞായറാഴ്ച ഉച്ചവരെ മൂന്നുകിലോമീറ്റർ കൂടി പൂർത്തിയായി. റോഡിൽ വിലങ്ങനെ കിടന്നിരുന്ന കൂറ്റൻ കല്ലുകൾ പൊട്ടിച്ച് മാറ്റിയാണ് നിർമാണം പുരോഗമിക്കുന്നത്. 50 പേരടങ്ങുന ദ്രുത കർമസേന യൂനിറ്റാണ് പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.