മണ്ണാർക്കാട്: താലൂക്കിൽ വിവിധ ഭാഗങ്ങളിൽ പ്രകൃതിക്ഷോഭം കാരണം വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. മണ്ണാർക്കാട്-അട്ടപ്പാടി ചുരം റോഡ് പല ഭാഗങ്ങളിൽ ഇടിയുകയും കെ.എസ്.ഇ.ബി ടവർ ലൈൻ തകരുകയും ചെയ്തതിനാൽ അട്ടപ്പാടി പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. മണ്ണാർക്കാട്-അലനല്ലൂർ 33 കെ.വി ടർലൈൻ കുന്തിപ്പുഴ കരകവിഞ്ഞ് ഒഴുകി മണ്ണിടിഞ്ഞ് തകർന്നതിനാൽ അലനല്ലൂർ സബ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി തടസ്സപ്പെട്ടു. മണ്ണാർക്കാട് താലൂക്കിലെ പുഴകളെല്ലാം കരകവിഞ്ഞ് ഒഴുകുന്നതിനാൽ പ്രാന്തപ്രദേശങ്ങളിലുള്ള 30ഓളം ട്രാൻസ്ഫോർമറുകൾ സുരക്ഷ മുൻനിർത്തി ഓഫ് ചെയ്തിട്ടുണ്ട്. ജലനിരപ്പ് കുറഞ്ഞ് പരിശോധനക്ക് ശേഷമേ ഇവ ചാർജ് ചെയ്യാൻ കഴിയുകയുള്ളൂ. മണ്ണാർക്കാട് ഡിവിഷന് കീഴിൽ വിവിധ സെക്ഷനുകളിലായി 151 എൽ.ടി പോസ്റ്റുകളും 59 എച്ച്.ടി പോസ്റ്റുകളും പൊട്ടിയിട്ടുണ്ട്. 324 സ്ഥലങ്ങളിൽ എൽ.ടി ലൈനുകളും 26 സ്ഥലങ്ങളിൽ 11 കെ.വി ലൈനുകളും മരങ്ങളും മറ്റും വീണ് പൊട്ടിയ അവസ്ഥയിലാണ്. അഗളി കോട്ടത്തറ സെക്ഷനുകളിലെ മുഴുവൻ ട്രാൻസ്ഫോർമുകൾ ഉൾെപ്പടെ 303 ട്രാൻസ്‌ഫോർമറുകളിലെ വൈദ്യുതി വിതരണം മണ്ണാർക്കാട് ഡിവിഷന് കീഴിൽ മാത്രം തടസ്സപ്പെട്ടിട്ടുണ്ട്. 36,000ത്തോളം വരുന്ന ഉപഭോക്താക്കളെ ഇത് ബാധിച്ചിട്ടുണ്ട്. പല ഭാഗങ്ങളിലും വൻമരങ്ങൾ വീണതിനാലും റോഡുകളിലും മറ്റും വെള്ളം കയറി നിൽക്കുന്നതിനാലും ലൈനുകൾ ശരിയാക്കുന്ന പ്രവൃത്തിക്ക് താമസം നേരിടുന്നുണ്ട്. മണ്ണാർക്കാട് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന ചില എക്സ്ട്രാ ഹൈടെൻഷൻ സബ് സ്റ്റേഷനുകൾ വെള്ളം കയറി ഓഫ് ചെയ്തിട്ടുള്ളതിനാൽ മണ്ണാർക്കാട് ഭാഗത്ത് വൈദ്യുതി വിതരണം തടസ്സപ്പെടുന്നുണ്ട്. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബിയിലെ മുഴുവൻ ജീവനക്കാരും അഹോരാത്രം പ്രയത്നിച്ചുകൊണ്ടിരിക്കുന്നു. പൊതുജനങ്ങൾ ജീവനക്കാർക്കൊപ്പം വലിയ തോതിൽ സഹകരിക്കുന്നുമുണ്ട്. ലൈനുകളോ, പോസ്റ്റുകളോ പൊട്ടിയത് ശ്രദ്ധയിൽപെടുകയാണെങ്കിൽ വിവരം ഉടൻ തൊട്ടടുത്ത വൈദ്യുതി ഓഫിസിൽ അറിയിക്കണം. ഏതെങ്കിലും സാഹചര്യങ്ങളിൽ ബന്ധപ്പെട്ട സെക്ഷനിൽ വിവരം അറിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ടോൾഫ്രീ നമ്പറായ 1912ലോ അല്ലെങ്കിൽ 9496061061 എന്ന നമ്പറിലോ അറിയിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.