കല്ലടിക്കോട്: കല്ലടിക്കോടൻ മലയുടെ പാർശ്വഭാഗത്തുള്ള മീന്‍വല്ലം ചെറുകിട ജലവൈദ്യുതി പദ്ധതി, ജലവിഭവത്തെ ഫലപ്രദമായി വിനിയോഗിച്ച് ഉൗർജോല്‍പാദനവും വികസനവും എങ്ങനെ സാധ്യമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ്. നാലുവർഷം മുമ്പ് ആഗസ്റ്റ് 29നായിരുന്നു മീന്‍വല്ലം വൈദ്യുതി പദ്ധതിയുടെ ഔപചാരിക പ്രവർത്തനോദ്ഘാടനം. പദ്ധതിക്ക് ശിലയിട്ട് പ്രവർത്തനം തുടങ്ങിയത് 2000 മേയ് മാസത്തിലാണ്. പദ്ധതിക്ക് 18 വയസ്സ് തികഞ്ഞു. വൈദ്യുതി ഉൽപാദനത്തിനും പവർഹൗസിനും നാല് വയസ്സ്. മണ്ണാർക്കാട് താലൂക്കിൽ കരിമ്പ പഞ്ചായത്തിലാണ് പദ്ധതി പ്രദേശം. 2014 ആഗസറ്റ് 29ന് കമീഷന്‍ ചെയ്തപ്പോള്‍ രാജ്യത്ത് ഒരു തദ്ദേശ സ്ഥാപനം നടപ്പാക്കുന്ന ആദ്യ ചെറുകിട വൈദ്യുതി പദ്ധതി എന്നനിലയിൽ രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. മൂന്ന് മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകള്‍ വഴി ഒരു ലക്ഷം യൂനിറ്റ് വര്‍ഷം ഉൽപാദിപ്പിക്കാനായിരുന്നു ലക്ഷ്യം. വൈദ്യുതിവകുപ്പിെൻറ നിര്‍ലോഭമായ പിന്തുണ പദ്ധതിക്കുണ്ടായി. ആദ്യവര്‍ഷം പൂര്‍ത്തിയായപ്പോള്‍തന്നെ പദ്ധതിയില്‍നിന്ന് മൂന്ന് കോടി രൂപ വരുമാനമുണ്ടായിരുന്നു. ജൂൺ, ജൂലൈ മാസത്തിലായിരുന്നു കൂടുതല്‍ ഉൽപാദനം. കഴിഞ്ഞ സീസണിൽ 56 ലക്ഷം യൂനിറ്റ് ഉൽപാദിപ്പിച്ചു. ഇതുവരെ വൈദ്യുതിവകുപ്പിന് 2.68 കോടി യൂനിറ്റ് വൈദ്യുതി നല്‍കിക്കഴിഞ്ഞു. മീന്‍വല്ലത്തെ വൈദ്യുതി കല്ലടിക്കോട്ടെ 110 കെ.വി സബ് സ്റ്റേഷനുമായി ബന്ധിപ്പിച്ചാണ് വിതരണം. 20 കോടി രൂപയായിരുന്നു പദ്ധതിയുടെ മുതല്‍മുടക്ക്. ഇതില്‍ എട്ടുകോടി രൂപയാണ് നബാര്‍ഡ് സഹായം. നബാർഡിന് നല്‍കാനുള്ള ലോൺ ഈ വർഷം സെപ്റ്റംബറിൽ അടച്ചുതീരും. മുടക്കിയ തുക തിരിച്ചുപിടിച്ചതിന് ശേഷം ലഭിക്കുന്ന വരുമാനം മറ്റ് പദ്ധതികള്‍ നടപ്പാക്കാന്‍ വിനിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ സീസണിൽ മാത്രം 90 ലക്ഷം യൂനിറ്റാണ് ലക്ഷ്യം. മൺസൂൺകാലത്ത് ആകെ ഉൽപാദനം മൂന്ന് കോടി യൂനിറ്റിലെത്താനും സാധ്യതയുണ്ട്. ജില്ല പഞ്ചായത്തിന് കീഴിലുള്ള പാലക്കാട് സ്മാൾ ഹൈഡ്രോ പ്രോജക്ട് കമ്പനി മാനേജിങ് ഡയറക്ടർ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ശാന്തകുമാരിയുടെയും വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസിെൻറയും നേതൃത്വത്തിൽ ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ജില്ല പഞ്ചായത്തിന് വൻ ലാഭം നേടിക്കൊടുക്കുമ്പോഴും സ്റ്റേഷൻ ഹൗസിലേക്കെത്താൻ പുഴക്ക് കുറുകെ പാലം പോലും ഇല്ലാത്തത് ജീവനക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരം ആവശ്യപ്പെട്ട് ഹൈഡ്രൽ എംപ്ലോയീസ് യൂനിയൻ അംഗങ്ങളും നാട്ടുകാരും നിരന്തരം ശബ്ദമുയർത്തുന്നുണ്ടെങ്കിലും പരിഹാരമായിട്ടില്ല. പടം) അടിക്കുറിപ്പ്: മീൻവല്ലം പദ്ധതിയുടെ പവർഹൗസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.