ദേശീയപാത വികസനം: തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലെ അന്തിമ വിജ്​ഞാപനമിറങ്ങി

കുറ്റിപ്പുറം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ രണ്ട് താലൂക്കുകളിലെ ത്രീഡി വിജ്ഞാപനം കൂടി പുറത്തിറങ്ങി. ജൂലൈ 30ലെ കേന്ദ്ര ഗസറ്റിലാണ് തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലെ അന്തിമ വിജ്ഞാപനമിറങ്ങിയത്. തിരൂർ താലൂക്കിലെ ത്രീഡി നേരത്തേയിറങ്ങിയിരുന്നു. കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലായി 140.56 ഏക്കർ ഭൂമിയാണ് (56.887 ഹെക്ടർ) ഏറ്റെടുക്കുന്നത്. കൊണ്ടോട്ടി താലൂക്കിലെ ചേലേമ്പ്ര, പള്ളിക്കൽ, തിരൂരങ്ങാടി താലൂക്കിലെ എടരിക്കോട് (ചെറുശോല), എടരിക്കോട് (കളരി), മുന്നിയൂർ, തേഞ്ഞിപ്പലം, തെന്നല (വാളക്കുളം), തെന്നല (കക്കാട്), തിരൂരങ്ങാടി, തിരൂരങ്ങാടി (വെന്നിയൂർ), വേങ്ങര വില്ലേജുകളിൽനിന്നാണ് സ്ഥലമേറ്റെടുക്കുന്നത്. ത്രീ ഡി വിജ്ഞാപനമിറങ്ങാൻ ബാക്കിയുള്ള പൊന്നാനി താലൂക്കിൽ ഏറ്റെടുക്കേണ്ടത് 140 ഏക്കർ ഭൂമിയാണ് (24 ഹെക്ടർ). പൊന്നാനി, തിരൂർ, തിരൂരങ്ങാടി താലൂക്കുകളിലായി നേരത്തേ ഇറങ്ങിയ ത്രീ എ വിജ്ഞാപനത്തിൽപ്പെടാത്ത 25 ഹെക്ടറോളം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഈ ഭാഗത്തെ അന്തിമ വിജ്ഞാപനം പിന്നീട് ത്രീ എ ഇറങ്ങുന്ന മുറക്ക് പുറത്തിറക്കാനാണ് തീരുമാനം. പൊന്നാനി താലൂക്കിലെ അന്തിമ വിജ്ഞാപനത്തിനായുള്ള രേഖകൾ ഓൺലൈനായി സമർപ്പിച്ചു. മാർച്ച് 14 നാണ് ഈ ഭാഗത്തെ ത്രീഎ വിജ്ഞാപനം പരസ്യപ്പെടുത്തിയത്. പിന്നീട് സർവേ നടത്തി കല്ലിട്ട ഭാഗത്തെ നാശനഷ്ടങ്ങളും ഭൂമിയും തിരിച്ചുള്ള സർവേയും നടന്നു. എസ്.ഒ 3746 (ഇ) എന്ന നമ്പറിൽ സർവേ നമ്പർ, ഭൂമിയുടെ തരം, അവസ്ഥ, വിസ്തീർണം (ഹെക്ടറിൽ), ഉടമയുടെ വിലാസം എന്നിവയടങ്ങിയ അന്തിമ വിജ്ഞാപനം കേന്ദ്ര ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 195 ഹെക്ടർ ഭൂമിയാണ് ആദ്യഘട്ടത്തിൽ ത്രീ എ വിജ്ഞാപനം വന്നത്. ഈ ഭൂമി അളന്ന് കല്ലിട്ടതോടെ 198 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടി വന്നു. നേരത്തേ ഇറങ്ങിയ ത്രീ എ വിജ്ഞാപനത്തിലെ 133 ഹെക്ടർ മാത്രമാണ് ത്രീ ഡി വിജ്ഞാപനത്തിൽപ്പെട്ടത്. ബാക്കി ഭൂമിയുടെ സർവേ നമ്പറുകൾ തെറ്റായി വന്നതോടെ രണ്ടാമതും വിജ്ഞാപനമിറക്കേണ്ടി വന്നു. ഇപ്രകാരമുള്ള 65 ഹെക്ടറിലെ ത്രീ എ വിജ്ഞാപനം ഉടനിറക്കി 21 ദിവസത്തിനകം അന്തിമ വിജ്ഞാപനവും ഇറങ്ങുമെന്ന് ദേശീയപാത സ്ഥലമേറ്റെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ ഡോ. അരുൺ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.