പാലക്കാട്: നഗരമധ്യത്തിലെ ബഹുനില കെട്ടിടം തകർന്ന സംഭവത്തിൽ വൻദുരന്തം വഴിമാറിയത് തലനാരിഴക്ക്. ഏറെ തിരക്കുള്ള ആർ.എസ് റോഡിനും മുനിസിപ്പൽ സ്റ്റാൻഡിനും സമീപം സ്ഥിതിചെയ്യുന്ന കെട്ടിടം തകർന്ന് പുറത്തേക്കാണ് വീണിരുന്നതെങ്കിൽ സ്ഥിതി മറ്റൊന്നാവുമായിരുന്നു. റസ്റ്റാറൻറ് അറ്റകുറ്റപ്പണിക്കിടെ തകർന്ന കെട്ടിടത്തിെൻറ മേൽഭാഗം നിലത്തേക്ക് അമരുകയായിരുന്നു. ചിലർ ഓടി രക്ഷപ്പെട്ടതും അപകടത്തിെൻറ വ്യാപ്തി കുറച്ചു. 49 വർഷം പഴക്കമുള്ള കെട്ടിടമാണ് വ്യാഴാഴ്ച തകർന്നത്. 15 വർഷം മുമ്പാണ് അവസാനമായി അറ്റകുറ്റപ്പണിക്കുള്ള അംഗീകാരം നഗരസഭ നൽകിയതെന്നും കെട്ടിടത്തിെൻറ ഉള്ളിൽ നടക്കുന്ന അറ്റകുറ്റപ്പണിയായതിനാൽ റസ്റ്റാറൻറ് നവീകരണം നഗരസഭ അറിഞ്ഞിട്ടില്ലെന്നും വൈസ് ചെയർമാൻ സി. കൃഷ്ണകുമാർ പറഞ്ഞു. നഗരത്തിലെ ബലക്ഷയമുള്ള കെട്ടിടങ്ങൾക്കെതിരെ അടുത്തദിവസംതന്നെ നടപടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. റസ്റ്റാറൻറ് നവീകരണത്തിെൻറ ഭാഗമായി ബീമിെൻറ വീതി കുറക്കാൻ ശ്രമിച്ചതാണ് അപകടകാരണമെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഉച്ചസമയമായതിനാൽ ഭക്ഷണം കഴിക്കാൻ ആളുകൾ പോയതും എ.വി ടൂറിസ്റ്റ് ഹോമിെൻറ തകർന്ന മുറികളിൽ താമസക്കാരില്ലാത്തതും ദുരന്തം വഴിമാറാൻ കാരണമായി. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് കനത്ത ശബ്ദംകേട്ടാണ് സമീപത്തുള്ളവർ ഓടിക്കൂടിയത്. വാഹനാപകടമാണെന്ന് കരുതിയാണ് തങ്ങൾ ഓടിക്കൂടിയതെന്ന് വ്യാപാരികൾ പറഞ്ഞു. പൊടി അടങ്ങിയ ശേഷമാണ് കെട്ടിടം തകർന്നതാണെന്ന് മനസ്സിലായത്. ഉടൻ രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരാണ് രണ്ടുപേരെ ആദ്യം പുറത്തെത്തിച്ചത്. തുടർന്നാണ് പൊലീസും ഫയർഫോഴ്സും എത്തി മറ്റുള്ളവരെ പുറത്തെത്തിച്ചത്. ആഴ്ചകൾക്ക് മുമ്പ് സുൽത്താൻപേട്ടയിൽ അടഞ്ഞുകിടക്കുന്ന കെട്ടിടവും തകർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.