അക്ഷരവീട്​ ശിലാസ്ഥാപനം: നാടൊരുമിച്ച ചടങ്ങിൽ ആശംസകൾ പെയ്തിറങ്ങി

നെന്മാറ: മാധ്യമവും യു.എ.ഇ എക്സ്ചേഞ്ചും താരസംഘടനയായ 'അമ്മ'യും ചേർന്ന് യാഥാർഥ്യമാക്കുന്ന പാലക്കാട് ജില്ലയിലെ പ്രഥമ അക്ഷരവീടി‍​െൻറ ശിലാസ്ഥാപന ചടങ്ങ് നാടൊരുമിച്ച ആഘോഷമായി. തേവർമണിയെന്ന കൊച്ചുഗ്രാമത്തിലെ ജിഷ്ണയുടെ തറവാട്ടുമുറ്റത്തെ പന്തലിലാണ് ചടങ്ങ് അരങ്ങേറിയത്. അക്ഷരവീടുപോലുള്ള പദ്ധതികൾക്കുള്ള പ്രാധാന്യം ഊന്നിപ്പറഞ്ഞായിരുന്നു ഉദ്ഘാടകനായ മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണ‍​െൻറ പ്രസംഗം. ഒന്നാം സ്ഥാനത്തുള്ളവർ ഒന്നാം സ്ഥാനത്തുതന്നെ തുടരാൻ പ്രോത്സാഹനം ആവശ്യമാണ്. കഴിവ് തെളിയിച്ചവരെ അംഗീകരിക്കുന്ന ധർമമാണ് മാധ്യമത്തിേൻറതെന്നും ഇത് തികച്ചും മാതൃകാപരമാണെന്നും ശങ്കരനാരായണൻ പറഞ്ഞു. സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ വീടിനടുത്തുള്ള റോഡിലൂടെ ഓടി പരിശീലിച്ച ജിഷ്ണ പിന്നീട് ചാട്ടത്തിലേക്ക് ശ്രദ്ധ ചെലുത്തിയതാണ് ഹൈജംപിൽ നേട്ടം കൈവരിക്കാൻ പ്രാപ്തയാക്കിയതെന്ന് പദ്ധതി സമർപ്പണം നിർവഹിച്ച കെ. ബാബു എം.എൽ.എ പറഞ്ഞു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ കണ്ടെത്തി താമസിക്കാനിടം ഉറപ്പാക്കുന്ന അക്ഷരവീട് പദ്ധതി വിജയിപ്പിക്കേണ്ടത് കാലത്തി‍​െൻറ അനിവാര്യതയാണെന്ന് താരസംഘടനയായ 'അമ്മ'യുടെ പ്രതിനിധിയും നടനുമായ സുനിൽ സുഖത മുഖ്യപ്രഭാഷണത്തിൽ വ്യക്തമാക്കി. യു.എ.ഇ എക്സ്ചേഞ്ച് മീഡിയ റിലേഷൻസ് ഡയറക്ടറും നടനുമായ കെ.കെ. മൊയ്തീൻ കോയ സ്നേഹസന്ദേശം നൽകി. ജില്ലയിലെ പ്രഥമ അക്ഷരവീടിന് ഇടമായ നെന്മാറയിൽ ഒരു ഡോക്യുമ​െൻററി ആവശ്യാർഥം ഏതാനും ദിവസം താമസിക്കേണ്ടി വന്നത് അദ്ദേഹം അനുസ്മരിച്ചു. അക്ഷരവീടുകൾ സ്നേഹത്തി‍​െൻറ താജ്മഹലാണ്. ഇത് ഒരർഥത്തിൽ തിരിച്ചുകൊടുക്കലാണ്. പദ്ധതി എല്ലാവർക്കും പ്രചോദനമാകണമെന്നും മൊയ്തീൻ കോയ ചൂണ്ടിക്കാട്ടി. അർഹിക്കുന്ന അംഗീകാരമാണ് ജിഷ്ണക്ക് ലഭിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. പ്രേമൻ വ്യക്തമാക്കി. കായികരംഗത്ത് കേരളത്തി‍​െൻറ പുതിയ ചരിത്രം എഴുതാൻ ജിഷ്ണക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ഉയരണമെന്ന തിരിച്ചറിവാണ് ജിഷ്ണയെ ദേശീയ ഹൈജംപ് താരമാക്കിയതെന്ന് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.വി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. നെന്മാറ ബ്ലോക്ക് പരിധിയിൽ ധാരാളം പേർ ജിഷ്ണയെ പോലെ വിവിധ രംഗങ്ങളിൽ കഴിവ് പുലർത്തുന്നുണ്ട്. ആഗോളതലത്തിൽ കഴിവ് പ്രകടിപ്പിക്കാൻ ജിഷ്ണക്ക് കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ജിഷ്ണക്ക് ലഭിക്കുന്ന അക്ഷരവീട് അർഹതക്കുള്ള അംഗീകാരമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം സതി ഉണ്ണി ചൂണ്ടിക്കാട്ടി. ജിഷ്ണയെന്ന കായികതാരത്തി‍​െൻറ ഉയർച്ചയിൽ കായികാധ്യാപകൻ ശശി സാറി‍​െൻറ പങ്ക് ശ്രദ്ധേയമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീജ രാജീവ് അനുസ്മരിച്ചു. ഈ അധ്യാപകനുള്ള ആദരം കൂടിയാണ് അക്ഷരവീട്. അർഹതക്കുള്ള യഥാർഥ അംഗീകാരമണ് അക്ഷരവീടെന്ന് ഗ്രാമപഞ്ചായത്ത് അംഗം പുഷ്കല ഹരിദാസ് പറഞ്ഞു. ലഭ്യമായ നേട്ടങ്ങളിൽ ഒതുങ്ങാതെ ഇനിയും ഉയരങ്ങൾ കീഴടക്കാനുള്ള ആത്മാർഥമായ ശ്രമം ജിഷ്ണയിൽനിന്ന് ഉണ്ടാവണമെന്ന് പഞ്ചായത്ത് അംഗം ഉഷ രവീന്ദ്രൻ പ്രത്യാശിച്ചു. കായികതാരങ്ങൾക്ക് സംഭവിക്കുന്ന സ്വാഭാവിക അപകടങ്ങൾമൂലമുള്ള പരിക്കുകൾ കൈകാര്യം ചെയ്യാനുള്ള സ്പോർട്സ് മെഡിസിൻ വിഭാഗം നെന്മാറയിൽ തുടങ്ങുന്ന അവൈറ്റീസ് ആശുപത്രിയിൽ സജ്ജീകരിക്കുന്നുണ്ടെന്ന് സി.ഇ.ഒ പി. മോഹനകൃഷ്ണൻ വ്യക്തമാക്കി. താൻ കണ്ടെത്തി പരിശീലിപ്പിച്ച ജില്ലയിലെ ഏഴാമത്തെ നാഷനൽ അത്ലറ്റാണ് ജിഷ്ണയെന്ന് നെന്മാറ ഗേൾസ് ഹൈസ്കൂളിലെ മുൻ കായികാധ്യാപകൻ കെ.വി. ശശീന്ദ്രനാഥ്‌ അനുസ്മരിച്ചു. പരിമിതികളിൽനിന്നാണ് പരിശീലനം തുടങ്ങിയത്. എന്നിട്ടും ജിഷ്ണക്ക് മികവ് തെളിയിക്കാനായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഷ്ണ പഠിക്കുന്ന കല്ലടി സ്കൂളിനെ ദേശീയ കായികമേഖലയിൽ ശ്രദ്ധിക്കപ്പെടുന്ന വിധത്തിലാക്കാൻ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുള്ള തീവ്രശ്രമവും അർപ്പണ മനോഭാവവും മാതൃകാപരമാണെന്ന് കല്ലടി സ്കൂൾ പ്രിൻസിപ്പൽ എം. റഫീഖ് ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ സംസ്ഥാന സ്കൂൾ കായികമേളയിലെ പ്രകടനത്തിനിടയിലാണ് ജിഷ്ണയെ ശ്രദ്ധിക്കുന്നതെന്ന് കല്ലടി സ്കൂളിലെ പരിശീലകൻ എം. രാമചന്ദ്രൻ. സ്കൂൾ അധികൃതരുമായും രക്ഷിതാക്കളുമായും ആലോചിച്ച ശേഷമാണ് കല്ലടി സ്കൂളിൽ പരിശീലനമൊരുക്കിയത്. അക്ഷരവീട് പദ്ധതി മാതൃകാപരമാണെന്ന് യു.എ.ഇ എക്സ്ചേഞ്ച് പ്രതിനിധി പി. ദിലീപ് പറഞ്ഞു. വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് നന്ദി പറയാൻ വാക്കുകൾ പോലും കിട്ടുന്നില്ലെന്ന് എം. ജിഷ്ണ പറഞ്ഞു. ഏറെക്കാലമായി ആഗ്രഹിക്കുന്നതാണ് സ്വന്തമായി ഒരു വീട്. സഹായിച്ച എല്ലാവർക്കും നന്ദി. എന്നെ കായികരംഗത്തേക്ക് കൈപിടിച്ചുയർത്തിയ പരിശീലകരായ ശശി, രാമചന്ദ്രൻ എന്നിവരോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും ജിഷ്ണ പറഞ്ഞു. വീട് നാലുമാസത്തിനകം പൂർത്തിയാക്കാനാണ് പദ്ധതി. ഇതിന് എല്ലാവരുടെയും സഹായവും സഹകരണവും വേണമെന്ന് 'മാധ്യമം' റീജനൽ മാനേജർ വി.സി. മുഹമ്മദ് സലീം അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.