പുതിയ നോട്ടിറങ്ങി ഇത്രയേറെ വ്യാജൻ ആദ്യം മഞ്ചേരി: പുതിയ നോട്ടുകൾ കൈകാര്യം ചെയ്തുള്ള പരിചയക്കുറവും വ്യാജനും ഒറിജിനലും തിരിച്ചറിയാനാവാത്തതും മുതലെടുക്കുകയാണ് മഞ്ചേരിയിൽ പൊലീസ് വലയിലായ കള്ളനോട്ട് മാഫിയ. മത്സ്യമാർക്കറ്റ് അടക്കമുള്ള സ്ഥലങ്ങളിൽ നോട്ടുകൾ വിതരണം ചെയ്യുന്നതായാണ് പൊലീസിനോട് ഇവർ വെളിപ്പെടുത്തിയത്. പുതിയ 2,000 രൂപ നോട്ടിൽ ഗാന്ധിജിയുടെ ചിത്രത്തിലുള്ള വാട്ടർമാർക്കിൽ അസ്സൽ നോട്ടിലും വ്യാജ നോട്ടിലും വലിയ മാറ്റമുണ്ട്. നോട്ടിലെ സെക്യൂരിറ്റി ത്രെഡിൽ കാണുന്ന ലൈനിൽ ഡോട്ടുകളാണെങ്കിലും സൂക്ഷിച്ചുനോക്കിയാൽ കാര്യമായ വ്യത്യാസം കാണാം. എന്നാൽ, പുതിയ നോട്ടിലെ അടയാളങ്ങൾ പലർക്കും പരിചിതമല്ലെന്നതാണ് വ്യാജ കറൻസി വിതരണത്തിന് സഹായകമാവുന്നത്. പിടിയിലായവർ നേരത്തേ കള്ളനോട്ട് കേസിൽപെട്ടവരോ അറസ്റ്റിലായവരോ അല്ല. അതേസമയം, ഇവരിൽനിന്ന് നോട്ട് വാങ്ങാനെത്തിയവരെ കുറിച്ച് പൊലീസിന് വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇതര സംസ്ഥാന ബന്ധമുള്ള കള്ളനോട്ട് സംഘത്തിലെ കണ്ണികളാണെന്നതിനാലും പുതിയ നോട്ട് പുറത്തിറക്കി കുറഞ്ഞ കാലത്തിനുള്ളിൽ പുത്തൻ സാങ്കേതിക വിദ്യയോടെയാണ് നോട്ടുകൾ തയാറാക്കിയിരിക്കുന്നതെന്നതിനാലും ദേശീയ അന്വേഷണ ഏജൻസിയടക്കമുള്ളവരുടെ സഹായത്തോടെയാവും തുടരന്വേഷണം ഉണ്ടാവുക. പിടിച്ചെടുത്ത വ്യാജ നോട്ടുകൾ നാസിക്കിലെ കറൻസി അച്ചടിപ്രസിൽ പരിശോധിക്കുമെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ പറഞ്ഞു. കള്ളനോട്ട് ഇന്ത്യയിൽതന്നെ അച്ചടിച്ചതെന്ന് പൊലീസ് മഞ്ചേരി: മഞ്ചേരിയിൽ ബുധനാഴ്ച പിടിച്ചെടുത്ത കള്ളനോട്ട് ഇന്ത്യയിൽതന്നെ അച്ചടിച്ചതാണെന്ന് പൊലീസ്. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽനിന്നും പ്രതികളിൽനിന്ന് ലഭിച്ച വിവരങ്ങളിൽനിന്നുമാണ് ഇക്കാര്യം വ്യക്തമാവുന്നത്. പുതിയ രണ്ടായിരത്തിെൻറ നോട്ട് ഇറങ്ങിയ ശേഷം ഇത്തരത്തിൽ വ്യാജ കറൻസി ജനങ്ങളുടെ കൈയിലെത്തിയിട്ടുണ്ടാവുമെന്നും പൊലീസ് സംശയിക്കുന്നു. വ്യാജനെ തിരിച്ചറിയാൻ ദേശസാത്കൃത ബാങ്കുകളിൽ മാസങ്ങൾക്കു മുമ്പുതന്നെ പോസ്റ്ററുകളും മറ്റും പ്രദർശിപ്പിച്ച് തുടങ്ങിയിരുന്നു. എന്നാൽ, പഴയ നോട്ടിലെ പോലെ അടയാളങ്ങൾ വേഗത്തിൽ തിരിച്ചറിയുന്നവർ കുറവാണ്. മഞ്ചേരി സി.ഐ എൻ.ബി. ഷൈജു, എസ്.ഐമാരായ റിയാസ് ചാക്കീരി, അബ്ദുറഹ്മാൻ, ജൂനിയർ എസ്.ഐ ഫക്രുദ്ദീൻ, ജില്ല ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ എം. സത്യനാഥൻ, എ.എസ്.ഐ അബ്ദുൽ അസീസ്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, മുഹമ്മദ് സലീം എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പടം... മഞ്ചേരിയിൽ പൊലീസ് പിടികൂടിയ കള്ളനോട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.