ഓണം ആഘോഷിച്ചു

മാത്തൂർ: ചെങ്ങണിയൂർകാവ് മൈതാനിയിൽ സജീഷ് സ്മാരക കലാസമിതി കുടുംബശ്രീ യൂനിറ്റുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഓണാഘോഷത്തിൽ കസേരകളി, ലെമൺ സ്പൂൺ, ചാക്കുചാട്ടം, ഉറിയടി, സുന്ദരിക്ക് പൊട്ടുതൊടൽ, കുപ്പിയിൽ വെള്ളം നിറക്കൽ, വടംവലി തുടങ്ങി നിരവധി മത്സര പരിപാടികൾ നടന്നു. ഒതറോഡ് മാരിയമ്മൻ കോവിൽ പരിസരത്ത് ഇസ്ക്ര ക്ലബ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ജനത, അക്ഷയ, ലക്കി സ്റ്റാർ എന്നീ കുടുംബശ്രീ യൂനിറ്റുകളുടെ സഹകരണത്തോടെയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. തമിഴ് സാഹിത്യത്തിൽ തഞ്ചാവൂർ യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടിയ ചിറ്റൂർ ഗവ. കോളജ് പ്രഫസറും ക്ലബ് രക്ഷാധികാരിയുമായ രവി മാസ്റ്ററെ ആദരിച്ചു. പറളി: എടത്തറ അയ്യപ്പൻകാവ് ബാലസംഘം സംഘടിപ്പിച്ച ഓണാഘോഷ പരിപാടി സംഘാടനം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ഏറെ മികവുറ്റതാക്കി. വടംവലിയുൾപ്പെടെ മിക്ക മത്സരങ്ങളിലും വീട്ടമ്മമാർ പങ്കെടുത്തത് പുതുമയായി. നാസിക് ഡോളി‍​െൻറ അകമ്പടിയോടെ ഘോഷയാത്രയും നടത്തി. സമാപന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. ഗിരിജ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം അഡ്വ. കെ. രാധിക, വാർഡ് അംഗം രമേശ് എന്നിവർ സംസാരിച്ചു. പത്തിരിപ്പാല: പേരൂർ മഹിള സമാജവും വായനശാലയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഷാജഹാൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഫെല്ലോഷിപ് നേടിയ സദനം ഗോപാലകൃഷ്ണൻ, ഡോ. ശാന്തി എന്നിവരെയും എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികളെയും ആദരിച്ചു. മാവേലിക്ക് യാത്രയയപ്പ് കോട്ടായി: മാവേലിക്ക് യാത്രയയപ്പ് നൽകി കോട്ടായി മേജർ റോഡ് റോക്സ് ക്ലബ് നടത്തിയ ആഘോഷം വേറിട്ട കാഴ്ചയായി. നിരവധി മാവേലിമാരും വാമനന്മാരും പുലികളും വേട്ടക്കാരും ഡാൻസ് ഗ്രൂപ്പും അണിനിരന്ന യാത്രയയപ്പ് ഘോഷയാത്രക്ക് നാസിക് ഡോൾ, ശിങ്കാരിമേളം തുടങ്ങിയ വാദ്യമേളങ്ങളും ഗജവീരനും അകമ്പടിയായി. കോട്ടായി സ​െൻററിൽ നിന്നാരംഭിച്ച് മേജർ റോഡിൽ സമാപിച്ച ഘോഷയാത്രയിൽ നിരവധി പേർ അണിനിരന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലളിത --ബി. -മേനോൻ അധ്യക്ഷത വഹിച്ചു. മണികണ്ഠൻ സ്വാഗതവും ജയൻ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും നടന്നു. തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് ഒാണസദ്യയെത്തിച്ചു വടക്കഞ്ചേരി: നാട് മുഴുവൻ ഉത്സവലഹരിയിൽ ഓണം ആഘോഷിക്കുമ്പോൾ വേറിട്ട ആഘോഷവുമായി നന്മ യുവജന കൂട്ടായ്മ പ്രവർത്തകർ ശ്രദ്ധേയരായി. തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്കൊപ്പമായിരുന്നു ഇവരുടെ ഓണാഘോഷം. വടക്കഞ്ചേരി മുതൽ പാലക്കാട് വരെയുള്ള വഴിയോരവാസികൾക്കാണ് ഓണസദ്യ എത്തിച്ചുകൊടുത്തത്. കൂട്ടായ്മയിലെ ഓരോ അംഗവും വീടുകളിൽ തയാറാക്കിയ സദ്യയിൽനിന്ന് രണ്ടും മൂന്നും പൊതികൾ എടുത്തുകൊണ്ടാണ് തെരുവിൽ അലയുന്നവർക്ക് ഓണമുണ്ണാൻ അവസരമൊരുക്കിയത്. മൂന്ന് വർഷമായി തങ്ങളാൽ കഴിയുന്ന ദിവസങ്ങളിലും ഓണം-പെരുന്നാൾ പോലുള്ള വിശേഷ ദിവസങ്ങളിലും നന്മ കൂട്ടായ്മ ഭക്ഷണം എത്തിച്ചുകൊടുക്കുന്നുണ്ട്. ഓണാഘോഷ ഭക്ഷണവിതരണത്തിന് നന്മ കൂട്ടായ്മ സ്ഥാപകൻ അഫ്സൽ മംഗലം, പ്രവർത്തകരായ സ്മിജിത്, രാഹുൽ, അനീസ്, മിഥുൻ, വിവേക് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.