പൊന്നാനി: ഗതാഗതത്തിന് തുറന്നുകൊടുത്ത് രണ്ടുവർഷത്തിനുള്ളിൽ 11ഓളം ജീവനുകൾ നഷ്ടപ്പെടുകയും നിരവധിപേർ അംഗവിഹീനരാവുകയും ചെയ്ത പുതുപൊന്നാനി--കുറ്റിപ്പുറം പുതിയ ദേശീയപാതയിലെ അപകടപരമ്പരകൾ ആവർത്തിക്കാതിരിക്കാൻ പൊലീസ് ജാഗ്രതസമിതി യോഗം വിളിക്കുന്നു. കുറ്റിപ്പുറം മല്ലൂർക്കടവ് മുതൽ പൊന്നാനി വരെയുള്ള ദേശീയപാതയിലെ അപകട നിവാരണപ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കാനാണ് ഹൈവേ സുരക്ഷ ജാഗ്രതസമിതി യോഗം വിളിച്ചുചേർക്കുന്നത്. രണ്ടുദിവസം മുമ്പ് കടകശ്ശേരി ഐഡിയൽ സ്‌കൂൾ അധ്യാപിക ശ്രീഷ്മ സ്‌കൂട്ടറിൽ പോകുന്നതിനിടയിൽ ലോറിക്കടിയിൽപെട്ട് മരിച്ചതാണ് അവസാനം നടന്ന അപകടം. പൊലീസ്, ആർ.ടി.ഒ, റവന്യൂ, നാഷനൽ ഹൈവേ, പി.ഡബ്ല്യു.ഡി, നഗരസഭ പ്രതിനിധികൾ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഡ്രൈവർമാർ, റോഡ് സുരക്ഷ പ്രവർത്തകർ, യുവജന ക്ലബുകൾ, വ്യാപാരികൾ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുക്കും. 25ന് വൈകീട്ട് മൂന്നിന് പൊന്നാനി സർക്കിൾ ഓഫിസിലാണ് യോഗം. അപകട നിവാരണ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ സബ് ഇൻസ്‌പെക്ടർ, പൊന്നാനി എന്ന വിലാസത്തിൽ എഴുതി അറിയിക്കണമെന്നും സി.ഐ സണ്ണി ചാക്കോ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.