ടൗൺ ജി.എം.എൽ.പി സ്കൂൾ അധ്യാപിക വിജിഷ പ്രകാശ്
വിദ്യാർഥികൾക്കൊപ്പം
പരപ്പനങ്ങാടി: സംസ്ഥാന അധ്യാപക റിസോഴ്സ് പേഴ്സനായ പരപ്പനങ്ങാടി ടൗൺ ജി.എം.എൽ.പി സ്കൂളിലെ അധ്യാപിക വിജിഷ ടീച്ചർക്ക് റമദാനിലെ പ്രവൃത്തി ദിനങ്ങളുടെ പകൽ നോമ്പിന്റെതാണ്. തന്റെ ക്ലാസിലെ കുരുന്നുകൾ ആവേശത്തോടെ നോമ്പെടുത്ത് ക്ലാസിലിരിക്കുമ്പോൾ താൻ വയറ് നിറച്ച് അവരുടെ മുന്നിലെത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ടീച്ചറുടെ പക്ഷം. റമദാൻ മാസമായാൽ നിഷ്കളങ്കരായ കുട്ടികൾ ഓടി വന്നു കെട്ടിപിടിച്ച് ചോദിക്കുന്ന ചോദ്യം ഇന്ന് ടീച്ചർക്ക് നോമ്പുണ്ടോ? എന്നാണ്, ഉത്തരം നോമ്പുണ്ട് എന്ന് പറയുന്നതിന് പകരം ചിരിയാണെങ്കിൽ കൂട്ടത്തോടെ കുട്ടികൾ ആർത്തിവിളിച്ചു മുഖത്ത് നോക്കി ഉച്ചത്തിൽ കൂവും... ആ...ടീച്ചർ ‘അത്താഴ കള്ളത്തിയാണ്’ കുട്ടികളുടെ ആ നിഷ്കളങ്ക അധിക്ഷേപങ്ങൾക്ക് മുന്നിൽ വല്ലാതെ ചൂളി പോകും.
പിന്നെ ഒട്ടുമിക്ക പ്രവൃത്തി ദിവസങ്ങളിലും നോമ്പെടുക്കും, കുട്ടികളോടൊപ്പം നോമ്പെടുത്ത് അവരിരൊലാളായി മാറാൻ വല്ലാത്ത സുഖമാണെന്നും വിജിഷ ടീച്ചർ പറഞ്ഞു. നോമ്പെടുക്കാതെ വന്നാൽ ഇന്നു നോമ്പുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയാതെ മറ്റു വിഷയങ്ങളിലേക്ക് തെന്നി മാറാനുള്ള ശ്രമവും കുട്ടികൾ അനുവദിക്കില്ല. അവര് അപ്പോൾ പുറത്തെടുക്കുന്ന ആയുധം ടീച്ചറെ നോമ്പ് കാലത്തുതീരെ കളവ് പറയാൻ പാടില്ല, അപ്പോൾ ഞാൻ പറയും മക്കളെ ഒരു കാലത്തും കളവുപറയാൻ പാടില്ല. ന്നാ ടീച്ചറ് പറയു........ ങ്ങള് ന്ന് നോമ്പ് നോറ്റിട്ടിണ്ടാ...,
കൃത്യമായ ഉത്തരം പറയാതെ രക്ഷയില്ലെന്ന് വന്നതോടെ നോമ്പെടുക്കുന്നത് വർഷങ്ങളായ ഒരു ശീലമായി മാറി, നേരത്തേ കോളജ് പഠന കാലത്ത് മുതിർന്ന സുഹൃത്തുക്കളോടൊപ്പം നോമ്പെടുത്ത ശീലവും വിജിഷ ടീച്ചർക്കുണ്ട്. നോമ്പുതുറ വിഭവങ്ങളെ കുറിച്ചും കുട്ടികൾക്കറിയണം, അവരുടെ വീടുകളിലേക്ക് കുട്ടികളും രക്ഷിതാക്കളും പലപ്പോയും നോമ്പു തുറക്ക് ക്ഷണിക്കാറുണ്ടെങ്കിലും രാത്രിയിൽ തിരിച്ചുവരാൻ ടീച്ചർക്ക് പേടിയാവുമെന്ന് പറഞ്ഞ് തടിയൂരും.
നോമ്പ് നോൽക്കുക മാത്രമല്ല ടൗണിലെ അബ്റാർ മസ്ജിദ് അങ്കണത്തിൽ നടക്കുന്ന നോമ്പ് തുറപ്പിക്കൽ സമൂഹ യജ്ഞത്തിൽ ടൗൺ ജി.എം.എൽ.പി സ്കൂളിലെ ഈ അധ്യാപികയും പ്രധാനാധ്യാപകൻ ബോബനും മുൻ പ്രധാനാധ്യാപിക ശ്രീകലയുടെയും പങ്കാളിത്തം എല്ലാ കാലത്തേയും മധുരാനുഭവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.