ചക്കിക്കുഴി വനം വകുപ്പ് പരിധിയിലെ മാൻമലയിൽ
ജീവനക്കാർ കാമറ സ്ഥാപിക്കുന്നു
കരുളായി: നിലമ്പൂർ കാട്ടിലെ കടുവകളുടെ കണക്കെടുക്കാൻ 260 കാമറകൾ സ്ഥാപിച്ചു. ദേശീയ കടുവസംരക്ഷണ അതോറിറ്റി നടത്തുന്ന കടുവ കണക്കെടുപ്പിന്റെ മൂന്നാംഘട്ടത്തിന്റെ ഭാഗമായാണ് നടപടി. നിലമ്പൂർ സൗത്ത് വനം ഡിവിഷനിലും സൈലന്റ് വാലിയുടെ ഭാഗമായ വനമേഖലയിലുമായി 130 ഗ്രിഡുകളിലായാണ് കാമറകൾ സജ്ജമാക്കിയിരിക്കുന്നത്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സൗത്ത് ഡിവിഷനിൽ മാത്രമാണ് കാമറകൾ ഉപയോഗിച്ചുള്ള മൂന്നാം ഘട്ട സർവേ നടക്കുന്നത്. നോർത്ത് ഡിവിഷനെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എട്ട് ദിവസങ്ങൾ നീണ്ടുനിന്ന സർവേയിൽ കടുവകളെ നേരിട്ട് കാണുക, കാഷ്ഠം, ടെറിറ്ററി മാർക്ക്, കാൽപ്പാടുകൾ തുടങ്ങിയവ വഴിയാണ് വന മേഖലകളെ ബ്ലോക്കുകളാക്കി തിരിച്ച് സാന്നിധ്യം മനസിലാക്കിയത്. ഒന്നാം ഘട്ടത്തിൽ ലഭിച്ച വിവരങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്തു.
മൂന്നാം ഘട്ടത്തിൽ കടുവാ സാന്നിധ്യമുള്ളതായി കണ്ടെത്തിയ മേഖലകളെ 130 ഗ്രിഡുകളാക്കി തിരിച്ച് കാമറകൾ മുഖേന കണക്കെടുപ്പ് ആരംഭിച്ചു. രണ്ട് ചതുരശ്ര കിലോമീറ്റർ ഉൾപ്പെടുന്നതാണ് ഒരു ഗ്രിഡ്. ഓരോ ഗ്രിഡിലും ആറു മുതൽ പത്ത് മീറ്റർ വരെ അകലത്തിൽ മുഖാമുഖമായാണ് രണ്ട് കാമറകൾ വീതം സ്ഥാപിക്കുന്നത്. കടുവയുടെ വയർഭാഗത്തെ വരകൾ കൃത്യമായി പതിയാൻ, ഭൂനിരപ്പിൽനിന്ന് ഒന്നരയടി ഉയരം ക്രമീകരിച്ചാണ് കാമറകൾ ഉറപ്പിച്ചിട്ടുള്ളത്. കാമറകളുടെ വിന്യാസം കരുളായി റെയ്ഞ്ചിൽ പടുക്ക ഫോറസ്റ്റ് സ്റ്റേഷന് കീഴിൽ 47 ഗ്രിഡുകളിലും നെടുങ്കയം സ്റ്റേഷന് കീഴിൽ 60 ഗ്രിഡുകളിലുമായി 214 കാമറകൾ സ്ഥാപിച്ചു.
കാളികാവ് റെയ്ഞ്ചിൽ ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷന് കീഴിൽ 18 ഗ്രിഡുകളിലും കരുവാരക്കുണ്ട് സ്റ്റേഷന് കീഴിൽ അഞ്ച് ഗ്രിഡുകളിലുമായാണ് 46 കാമറകളാണ് സ്ഥാപിക്കുന്നത്.
കരുളായി വനം റെയ്ഞ്ച് ഓഫിസർ പി.കെ. മുജീബ് റഹ്മാനാണ് കാമറ സർവേയുടെ നോഡൽ ഓഫിസർ. പ്രത്യേക പരിശീലനം ലഭിച്ച 84 ജീവനക്കാരെയും അവരെ സഹായിക്കാൻ വാച്ചർമാരെയുമാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. 23 മുതൽ കാമറകൾ പ്രവർത്തന സജ്ജമാകും. 25 മുതൽ ഔദ്യോഗികമായി റെക്കോർഡിങ് ആരംഭിക്കും. കാട്ടാനകൾ നശിപ്പിച്ചിട്ടുണ്ടോ, ബാറ്ററി ബാക്കപ്പ്, മോഷണം തുടങ്ങിയവ വിലയിരുത്താൻ ഗ്രിഡ് ചുമതലയുള്ള ജീവനക്കാർ ആഴ്ചയിലൊരിക്കൽ നേരിട്ട് പരിശോധന നടത്തും. 30 ദിവസത്തെ നിരീക്ഷണശേഷം കാമറകൾ തിരിച്ചെടുത്ത് പറമ്പിക്കുളം ടൈഗർ റിസർവിനും തുടർന്ന് മെമ്മറി കാർഡുകൾ ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്കും കൈമാറും. അവരാണ് അന്തിമ പരിശോധനകൾ നടത്തി വിവരങ്ങൾ പുറത്തുവിടുക
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.