ആലത്തൂര്‍: പണം പലിശക്ക് നൽകി സാമ്പത്തിക ഇടപാട് നടത്തിയ കേസില്‍ കെ.എസ്.ഇ.ബി ജീവനക്കാരനെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആലത്തൂര്‍ കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിലെ കാഷ്യർ പെരുങ്കുളം സൗത്ത് വില്ലേജ് നന്ദനം വീട്ടില്‍ മനോജ് കുമാര്‍ (43) ആണ് അറസ്റ്റിലായത്. പെരുങ്കുളം സ്വദേശി ജഗന്നാഥെൻറ പരാതിയിലാണിത്. 2013ൽ ഇയാൾ 1,60,000 രൂപ കടം വാങ്ങിയിരുന്നു. പലിശയുൾപ്പെടെ 4,40,000 രൂപ തിരികെ നൽകിയെങ്കിലും ഈടായി വാങ്ങിയ അഞ്ച് ചെക്കുകൾ മടക്കി നൽകാത്തതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. സഹജീവനക്കാരനായ എലവഞ്ചേരി സ്വദേശി ശേഖർ ബാബു എന്നയാൾക്ക് ഒരുലക്ഷം രൂപ വായ്പ നല്‍കി, പലിശയായി ശേഖര്‍ ബാബുവിെൻറ എ.ടി.എം കാർഡ് കൈവശപ്പെടുത്തി അഞ്ചുവര്‍ഷത്തെ ശമ്പളം മനോജ് കുമാർ കൈക്കലാക്കിയെന്ന പരാതിയുമുണ്ട്. എ.ടി.എം കാര്‍ഡ് തിരികെ നൽകാൻ വസ്തു രജിസ്റ്റര്‍ ചെയ്ത് വാങ്ങിയെന്നും പറയുന്നു. മറ്റു പലരിൽനിന്നും ഇയാൾ ചെക്ക്, ആധാരം ഈടുവാങ്ങി ലക്ഷങ്ങള്‍ പലിശക്ക് നല്‍കുന്നതായും പൊലീസ് പറഞ്ഞു. ആലത്തൂര്‍, കൊല്ലങ്കോട് പൊലീസ് സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ പത്തോളം കേസുകളുണ്ട്. പൊലീസ് നടത്തിയ പരിശോധനയില്‍ തുകയെഴുതാത്ത ചെക്കുകള്‍, ആധാരത്തിെൻറ പകര്‍പ്പുകള്‍, കരാര്‍ പകര്‍പ്പുകള്‍ എന്നിവ കണ്ടെടുത്തു. ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ആലത്തൂര്‍ എസ്.ഐ എസ്. അനീഷ്, പ്രബേഷനറി എസ്.ഐ വിബിന്‍, അഡീഷനല്‍ എസ്.ഐ മുഹമ്മദ് കാസിം, സീനിയര്‍ സി.പി.ഒ ഷാജു, സി.പി.ഒമാരായ മണികണ്ഠന്‍, സൂരജ് ബാബു, പ്രതീഷ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.