മലപ്പുറം: ജില്ലയിലെ സ്കൂൾ പാഠപുസ്തക വിതരണം മേയ് 31നകം പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടർ പി. സഫറുല്ല. ജില്ല വികസന സമിതി യോഗത്തിൽ വി. അബ്ദുറഹ്മാൻ, ടി.വി. ഇബ്രാഹിം എം.എൽ.എ എന്നിവരുടെ ചോദ്യത്തിനുത്തരമായാണ് ഇക്കാര്യമറിയിച്ചത്. ജില്ലയിൽ 43,90,322 പുസ്തകങ്ങൾക്ക് ഇൻഡൻറ് നൽകിയിട്ടുണ്ട്. ഹൈസ്കൂളിൽ 95 ശതമാനവും എൽ.പിയിൽ 76 ശതമാനവും യു.പിയിൽ 72 ശതമാനവും വിതരണം പൂർത്തിയായി. സ്കൂൾ തുറക്കുന്നതിന് മുമ്പ് കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പുവരുത്തിയതായും അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിന് നിർദേശം നൽകിയതായും െഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ജില്ലയിലെ വാട്ടർ കിയോസ്കുകളുടെ നിർമാണം അവസാനഘട്ടത്തിലാണെന്നും ഒരു താലൂക്കിൽ 10 എണ്ണമെന്ന കണക്കിലാണ് കിയോസ്കുകൾ സ്ഥാപിച്ചതെന്നും അധ്യക്ഷത വഹിച്ച കലക്ടർ അമിത് മീണ അറിയിച്ചു. ദേശീയപാതയുടെ അലൈൻമെൻറ് സംബന്ധിച്ച് ജില്ല ഭരണകൂടത്തിെൻറ നടപടികൾ പൂർത്തിയായി. രണ്ട് വശം സർവിസ് റോഡ് ഉൾപ്പെടെ 79 കി.മി. നീളത്തിൽ എട്ടുവരി പാതയാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പാരിസ്ഥിതിക ആഘാത സർവേ പൂർത്തിയായി. പാതയുടെ സെൻറർ മാർക്കിങ് തിങ്കളാഴ്ച മുതൽ തുടങ്ങുമെന്നും കലക്ടർ അറിയിച്ചു. കോഴിക്കോട് എയർപോർട്ടിന് സ്ഥലം ഏറ്റെടുക്കുന്നതിന് വിശദമായ സ്കെച്ച് ഉൾപ്പെടെ റിപ്പോർട്ട് എയർപോർട്ട് അധികൃതർ നൽകിയില്ലെന്ന് ടി.വി. ഇബ്രാഹിം എം.എൽ.എയുടെ ചോദ്യത്തിനുത്തരമായി കലക്ടർ പറഞ്ഞു. റിപ്പോർട്ട് ലഭിച്ചാൽ സ്ഥലമേറ്റടുക്കുന്നതിന് നടപടി തുടങ്ങും. ആരോഗ്യ മേഖലയിലെ പ്രവർത്തനത്തിന് ജനസംഖ്യാനുപാതത്തിൽ ജീവനക്കാരെ നിയമിക്കണമെന്ന് എം.എൽ.എമാർ ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ ഉൾപ്പെട്ടവരുടെ യോഗം തിങ്കളാഴ്ച വിളിച്ചതായും കർമരേഖയുണ്ടാക്കി മണ്ഡലംതല യോഗം വിളിക്കുമെന്നും കലക്ടർ അറിയിച്ചു. ജില്ലയിലെ ആർദ്രം പദ്ധതിക്ക് ജീവനക്കാരെ ലഭിച്ചതായി ഡി.എം.ഒ ഡോ. കെ. സക്കീന അറിയിച്ചു. ആരോഗ്യവകുപ്പിൽ കൂടുതൽ ജീവനക്കാരെ അനുവദിക്കണമെന്ന് വികസന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എൻ.എച്ച് 66ൽ രാമനാട്ടുകര ബൈപാസിൽ വാഴക്കാട്-ഫാറൂഖ് കോളജ് റോഡിലെ അഴിഞ്ഞിലം ജങ്ഷനിൽ അടിപ്പാത നിർമിക്കണമെന്ന പ്രമേയവും അവതരിപ്പിച്ചു. എം.എൽ.എമാരായ എം. ഉമ്മർ, പി. അബ്ദുൽ ഹമീദ്, വി. അബ്ദുറഹ്മാൻ, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, പി.കെ. ബഷീർ, ടി.വി. ഇബ്രാഹിം, പി. ഉബൈദുല്ല, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, എ.ഡി.എം വി. രാമചന്ദ്രൻ, പ്ലാനിങ് ഓഫിസർ കെ. ശ്രീലത എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.