വള്ളുവമ്പ്രം: പൂക്കോട്ടൂർ പഞ്ചായത്ത് മൂന്നാം വാർഡിലെ പുല്ലാനൂർ-കാട്ടിയംപാറ റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. വാർഡിനെ പ്രതിനിധീകരിക്കുന്ന എൽ.ഡി.എഫ് അംഗത്തിെൻറ നേതൃത്വത്തിൽ ചൊവ്വാഴ്ച തുറന്നുകൊടുക്കാൻ നിശ്ചയിച്ചതായിരുന്നു റോഡ്. എന്നാൽ, യു.ഡി.എഫ് ഭരണത്തിലുള്ള പഞ്ചായത്തിലെ പ്രസിഡൻറും വൈസ് പ്രസിഡൻറും അപ്രതീക്ഷിതമായി ഉദ്ഘാടനം നടത്താനെത്തിയതാണ് സംഘർഷത്തിന് വഴിവെച്ചത്. ഒടുവിൽ വൈകീട്ട് നാലിനും അഞ്ചിനുമിടെ ഇരുവിഭാഗവും റോഡ് ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് അംഗം അജിതയുടെ 2016-17 വർഷത്തെ മെയിൻറനൻസ് ഫണ്ടിൽനിന്ന് അനുവദിച്ച രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമിച്ചത്. ഉദ്ഘാടനച്ചടങ്ങ് കെങ്കേമമാക്കാൻ ഇടത് പ്രവർത്തകർ തയാറെടുക്കവെയായിരുന്നു പ്രസിഡൻറും വൈസ് പ്രസിഡൻറിെൻറയും വരവ്. എൽ.ഡി.എഫുകാർ ഇവരെ തടഞ്ഞതോടെ മുസ്ലിം ലീഗ് പ്രവർത്തകർ ഇടപെട്ടു. തുടർന്ന് പ്രസിഡൻറ് വി.പി. സുമയ്യ റോഡ് ഉദ്ഘാടനം ചെയ്തു. ശേഷം വാഹനത്തിൽ മടങ്ങുകയായിരുന്നു ഇവരെ നിജസ്ഥിതി വിശദീകരിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രവർത്തകർ തടയുകയായിരുന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് വാഹനത്തിൽ നിന്നിറങ്ങാൻ പ്രസിഡൻറ് കൂട്ടാക്കിയില്ല. പിന്നീട് എൽ.ഡി.എഫ് പ്രവർത്തകർക്കൊപ്പമെത്തി അജിതയും റോഡ് ഉദ്ഘാടനം ചെയ്തു. സ്വന്തം പാർട്ടി പ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങിയാണ് പ്രസിഡൻറും വൈസ് പ്രസിഡൻറും എത്തിയതെന്നും ഇരുവരെയും ക്ഷണിച്ചിട്ടില്ലെന്നും അജിത പറയുന്നു. എന്നാൽ, ഉദ്ഘാടനച്ചടങ്ങിലേക്ക് മെംബറെ വിളിച്ചിരുന്നുവെന്നും അവർ പങ്കെടുക്കാതെ മാറിനിൽക്കുകയായിരുന്നുവെന്നും പ്രസിഡൻറ് സുമയ്യ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.