കോഡൂര്‍: സംസ്ഥാന ഹയര്‍സെക്കൻഡറി സ്കൂള്‍ തല നാഷണല്‍ സര്‍വിസ് സ്കീം (എൻ.എസ്.എസ്) ജില്ലയിലെ മികച്ച യൂനിറ്റായി ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കൻഡറി സ്കൂൾ എൻ.എസ്.എസിനെയും പ്രോഗ്രാം ഓഫിസറായി ഈ സ്കൂളിലെ അധ്യാപകനായ എന്‍.കെ. ഹഫ്സല്റഹ് മാനെയും തിരഞ്ഞെടുത്തു. കഴിഞ്ഞ അധ്യയന വര്‍ഷം നടത്തിയ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. കോഡൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 14ാം വാര്‍ഡായ ഒറ്റത്തറയെ ദത്തെടുത്ത് ആരോഗ്യ, സാമൂഹിക സേവന രംഗത്തും മണ്ണ്, ജല സംരക്ഷണ, കാര്‍ഷിക മേഖലയിലും വിവിധ പ്രവര്‍ത്തനങ്ങള്‍ യൂനിറ്റ് നടപ്പാക്കിയിരുന്നു. സ്കൂള്‍ പരിസരത്തുള്ള കിടപ്പിലായവരെ പരിചരിക്കാൻ സ്നേഹപൂർവം പദ്ധതി, ഈസ്റ്റ് കോഡൂരിലെ വിധവക്ക് വേണ്ടി നിർമിച്ചു നല്കിയ സ്നേഹവീട്, ഒറ്റത്തറ ഗ്രാമത്തില്‍ നടപ്പാക്കിയ ആരോഗ്യ, കുടുംബ വിവരശേഖരണം, രോഗപ്രതിരോധ ബോധവത്കരണം, റോഡ് നിർമാണം, കുളം ശുചീകരണം, മഴക്കുഴികളുടെ നിര്‍മാണം, അംഗൻവാടി കെട്ടിടം ചായംപൂശല്‍, കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം, സോപ്പ് നിർമാണം, ജൈവ പച്ചക്കറി കൃഷിയും നെല്‍കൃഷിയും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മികവിന് കാരണമായി. കോഡൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും യൂനിറ്റ് ലൈബ്രറി സ്ഥാപിച്ചു. അംഗൻവാടി കുട്ടികള്‍ക്ക് കളി ഉപകരണങ്ങള്‍, അംഗൻവാടി ശുചീകരണം, സ്കൂളില്‍ കുട്ടികളുടെ റേഡിയോ, ഔഷധ ചെടിത്തോട്ടം നിർമാണം എന്നിവയും നടത്തിയതായി പ്രോഗ്രാം ഓഫിസര്‍ എന്‍.കെ. ഹഫ്സല്‍ റഹ് മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.