നിലമ്പൂർ: നാല് ഭാഗവും വനത്താൽ ചുറ്റപ്പെട്ട നിലമ്പൂർ മേഖല നേരിടുന്നത് മുമ്പെങ്ങുമില്ലാത്ത ജലക്ഷാമം. 2007ൽ അനുഭവപ്പെട്ട കടുത്ത ജലക്ഷാമത്തെ മറികടക്കുന്നതാണ് ഇത്തവണത്തെ വരൾച്ച. ഒരുകാലത്തും ഉറവ വറ്റാത്ത പാടശേഖരങ്ങളിലുള്ള കിണറുകൾ പോലും വറ്റിവരണ്ടു. മിക്ക പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം രൂക്ഷമാണെങ്കിലും ജില്ലയുടെ അതിർത്തി പഞ്ചായത്തായ വഴിക്കടവിലാണ് സ്ഥിതി ദയനീയം. ഇവിടെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പദ്ധതികളില്ല. ജലനിധി പദ്ധതി വന്നതോടെ നിലവിലുണ്ടായിരുന്ന പദ്ധതി ഒഴിവാക്കുകയായിരുന്നു. ജലനിധിയിൽനിന്ന് ആഴ്ചയിൽ രണ്ട് തവണയാണ് വിതരണം. അതും പരിമിതമായി മാത്രം. പദ്ധതികിണറുകളിൽ പലതും വരൾച്ചയുടെ പിടിയിലായതാണ് നിയന്ത്രണത്തിന് കാരണം. വഴിക്കടവ്, ആനമറി, പൂവ്വത്തിപൊയിൽ, വെട്ടുകത്തിക്കോട്ട, പുന്നക്കൽ, വെള്ളക്കട്ട, വരക്കുളം, മണിമൂളി, രണ്ടാംപാടം പ്രദേശങ്ങളിലെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമാണ്. മുമ്പ് കുടിവെള്ള ക്ഷാമം അനുഭവപ്പെടാത്ത പ്രദേശങ്ങളാണിവ. പല കുടുംബങ്ങളും ഏറെ ദൂരെനിന്ന് സ്വന്തം ചെലവിൽ കുടിവെള്ളം എത്തിക്കുന്നുണ്ട്. രണ്ടാംപാടം, ആനമറി, പൂവ്വത്തിപൊയിൽ, പുന്നക്കൽ പ്രദേശത്തെ കുടുംബങ്ങൾ കുളിക്കാനും അലക്കാനും ഒരു കിലോമീറ്റർ അകലെയുള്ള പുന്നപ്പുഴയെയാണ് ആശ്രയിക്കുന്നത്. ആനക്കാട്ടിലൂടെ വേണം മൂന്നര കിലോമീറ്റർ അകലെയുള്ള പുന്നപ്പുഴയിലെത്താൻ. ആദിവാസി കുടുംബങ്ങളും കുടിവെള്ളം കിട്ടാതെ വലയുന്നു. ഒരു കിണർ പോലുമില്ലാത്ത കോളനികളുമുണ്ട്. ഗുണഭോക്തൃ വിഹിതം ലഭിക്കില്ലെന്ന കാരണത്താൽ കുടിവെള്ള പദ്ധതികൾ ഈ കുടുംബങ്ങൾക്ക് അന്യമാണ്. സമീപ വീടുകളിലെ കിണറുകളിലെ വെള്ളമാണ് ജനവാസ കേന്ദ്രത്തിലുള്ള കോളനികളിലെ കുടുംബങ്ങൾ ആശ്രയിക്കുന്നത്. ഇവർ പുലർച്ചെതന്നെ മോട്ടോർ ഉപയോഗിച്ച് വെള്ളം സ്വന്തം ടാങ്കുകളിൽ നിറച്ചുവെക്കുന്നതിനാൽ ഈ വെള്ളവും പലപ്പോഴും ആദിവാസി കുടുംബങ്ങൾക്ക് കിട്ടാക്കനിയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.