മലപ്പുറം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ ഒാൺലൈനായി സമർപ്പിക്കൽ തിങ്കളാഴ്ച വൈകീട്ട് മുതൽ തുടങ്ങി. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ മെറിറ്റ് സീറ്റുകളിലേക്കാണ് ഏകജാലക രീതിയിൽ പ്രവേശനം നൽകുക. ജില്ലയിൽ 248 സ്കൂളുകളിലായി ആകെ 60,646 പ്ലസ് വൺ സീറ്റുകളാണുള്ളത്. ഇതിൽ 40,722 സീറ്റാണ് മെറിറ്റിലുള്ളത്. എന്നാൽ, 76,985 പേരാണ് എസ്.എസ്.എൽ.സി പരീക്ഷയെഴുതി ഉപരിപഠനത്തിന് അർഹരായത്. കൂടാതെ സി.ബി.എസ്.ഇ പരീക്ഷഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. സേ പരീക്ഷക്ക് ശേഷം കൂടുതൽപേർ ഉപരിപഠനത്തിന് അർഹത നേടും. ഇതുപ്രകാരം ഏകദേശം 20,000 വിദ്യാർഥികൾക്ക് ജില്ലയിൽ പ്ലസ് വൺ സീറ്റ് ലഭ്യമാകില്ല. കുറച്ചുപേർക്കെങ്കിലും അഭിരുചിക്കനുസരിച്ച് െഎ.ടി.െഎ, പോളിടെക്നിക്ക്, വൊക്കേഷനൽ ഹയർ സെക്കൻഡറി മേഖലയിൽ ആശ്രയിക്കേണ്ടിവരും. മേയ് 22നാണ് ഒാൺലൈൻ അപേക്ഷ നൽകേണ്ട അവസാന തീയതി. മേയ് 29ന് ട്രയൽ അലോട്ട്മെൻറ് നടക്കും. ജൂൺ അഞ്ചിന് ആദ്യ അലോട്ട്മെൻറുണ്ടാകും. രണ്ട് അലോട്ട്മെൻറുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ജൂൺ 14ന് ക്ലാസ് ആരംഭിക്കും. ഇതിനുശേഷം പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെൻററി അലോട്ട്മെൻറുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി ജൂലൈ 22ന് പ്രവേശ നടപടി അവസാനിപ്പിക്കും. www.hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.