വേനല്‍ മഴ: ലഭിച്ചത് ഒന്നരക്കോടിയുടെ വൈദ്യുതിക്കുള്ള വെള്ളം

തൊടുപുഴ/മൂലമറ്റം: ഒരാഴ്ചത്തെ വേനല്‍ മഴയിലൂടെ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ഒഴുകിയത്തെിയത് ഒന്നരക്കോടിയിലധികം രൂപയുടെ വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ വെള്ളം. കഴിഞ്ഞ എട്ടുദിവസംകൊണ്ട് അണക്കെട്ടുകളില്‍ 36.45 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം ഒഴുകിയത്തെിയതായാണ് കണക്ക്. പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിക്ക് യൂനിറ്റിന് നല്‍കുന്ന 4.2 രൂപ എന്ന നിരക്ക് കണക്കാക്കിയാല്‍ ഇത് ഏകദേശം ഒന്നരക്കോടിയലധികം രൂപയുടെ വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ വെള്ളമുണ്ട്. വേനല്‍ മഴയിലൂടെ 12.5 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കാവശ്യമായ വെള്ളം ഇടുക്കി അണക്കെട്ടില്‍ മാത്രം ഒഴുകിയത്തെി. എന്നാല്‍, മൂലമറ്റം നിലയത്തില്‍ വൈദ്യുതോല്‍പാദനം വര്‍ധിപ്പിച്ചതിനാല്‍ ഇടുക്കിയില്‍ ജലനിരപ്പ് വീണ്ടും താഴ്ന്നു. 2329.62 അടി വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്. സംഭരണശേഷിയുടെ 29.85 ശതമാനം. കഴിഞ്ഞവര്‍ഷം ഇതേസമയം 2344.80 അടിയായിരുന്നു. കഴിഞ്ഞമാസം അവസാനം 3.74 ദശലക്ഷം യൂനിറ്റായിരുന്ന മൂലമറ്റത്തെ പ്രതിദിന ഉല്‍പാദനം ഈമാസം എട്ടിന് 5.04 ദശലക്ഷം യൂനിറ്റില്‍ എത്തിയിരുന്നു. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മഴപെയ്യുകയും ചൂട് കുറയുകയും ചെയ്തതോടെ വൈദ്യുതി ഉപഭോഗം താഴ്ന്നതിനാല്‍ മൂലമറ്റത്ത് ഉല്‍പാദനം ശനിയാഴ്ച 3.908 ദശലക്ഷമായി കുറച്ചു. കഴിഞ്ഞമാസം അവസാനം സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗം 70 ദശലക്ഷം യൂനിറ്റ് കടന്നിരുന്നു. ദിവസങ്ങള്‍ക്കകം ഇത് 80 ദശലക്ഷം കടക്കുമെന്നാണ് അന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ശനിയാഴ്ച സംസ്ഥാനത്തെ ഉപഭോഗം 68.19ദശലക്ഷം യൂനിറ്റാണ്. ഇതില്‍ 12.25 ദശലക്ഷം യൂനിറ്റ് സംസ്ഥാനത്ത് ഉല്‍പാദിപ്പിച്ചു. 55.93 ദശലക്ഷം യൂനിറ്റാണ് പുറത്തുനിന്ന് വാങ്ങിയത്. സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും കൂടി ഇപ്പോള്‍ സംഭരണശേഷിയുടെ 36 ശതമാനം വെള്ളമാണുള്ളത്. മാര്‍ച്ച് രണ്ടിനും എട്ടിനും ഇടക്ക് സംസ്ഥാനത്ത് 35.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഇടുക്കിയില്‍ ഇത് 57.6 മില്ലിമീറ്ററാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.