ലോക്സഭ ഉപതെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം തേടി കലക്ടര്‍

മലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തീകരിക്കാന്‍ മാതൃക പെരുമാറ്റചട്ടം പാലിക്കുന്നതില്‍ രാഷ്ട്രീയ കക്ഷികളുടെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്ന് കലക്ടര്‍ അമിത് മീണ. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയകക്ഷികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃക പെരുമാറ്റചട്ടം നിലവില്‍ വന്നു. എന്നാല്‍, തുടങ്ങിവെച്ച പദ്ധതികള്‍ക്ക് പെരുമാറ്റചട്ടം ബാധകമല്ല. വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍െറ പ്രത്യേക അനുമതി വാങ്ങുമെന്ന് കലക്ടര്‍ അറിയിച്ചു. പെരുമാറ്റ ചട്ടത്തിന്‍െറ നോഡല്‍ ഓഫിസറായി പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലികിനെ നിയോഗിച്ചു. പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കലക്ടര്‍ ചെയര്‍മാനും ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കണ്‍വീനറുമായി സ്ഥിരം സമിതിയും നിലവില്‍ വന്നു. പെരുമാറ്റ ചട്ടം സംബന്ധിച്ച പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ സ്ഥിരം സമിതി യോഗം ചേരും. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി. രാമചന്ദ്രന്‍, ഡിവൈ.എസ്.പി കെ.വി. പ്രഭാകരന്‍, അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.