മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇ–ഹെല്‍ത്ത് പദ്ധതി വൈകുന്നു

മഞ്ചേരി: സംസ്ഥാനത്ത് ഗവ. മെഡിക്കല്‍ കോളജുകളില്‍ നടപ്പാക്കാന്‍ തീരുമാനിച്ച ഇ-ഹെല്‍ത്ത് പദ്ധതിക്കുള്ള ഒരുക്കങ്ങള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ആലോചനയിലൊതുങ്ങുന്നു. വേണ്ടത്ര ഫണ്ട് ലഭിക്കാത്തതാണ് കാരണം. ഇലക്ട്രോണിക് ആശയ വിനിയമത്തിലൂടെ ഡോക്ടറെ കാത്തിരിക്കാതെ തന്നെ രജിസ്റ്റര്‍ ചെയ്യാനും രോഗവിവിരങ്ങള്‍ റഫറിങ് കേന്ദ്രത്തിലേക്ക് കൈമാറാനുമുള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് പദ്ധതിയില്‍ വരേണ്ടത്. ഇതിനായി മഞ്ചേരിയില്‍ നിലവിലെ ഒ.പി സൗകര്യങ്ങള്‍ വിപുലപ്പെടുത്തണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനമാണ് ഏറെ പ്രധാനം. ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ അധികം രോഗികളുള്ളതിനാല്‍ ഇപ്പോഴത്തെ ഒ.പി സംവിധാനത്തില്‍ രോഗനിര്‍ണയം പ്രഹസനമാവുന്നുണ്ട്. 18 സ്പെഷ്യാലിറ്റി വിഭാഗങ്ങളാണ് എല്ലാ മെഡിക്കല്‍ കോളജ് ആശുപത്രികളിലുമുള്ളതെന്നിരിക്കേ മഞ്ചേരിയില്‍ ഇവ പൂര്‍ത്തിയായിട്ടില്ല. ഇ-ഹെല്‍ത്ത് പദ്ധതി പ്രകാരം ഓണ്‍ലൈനില്‍ ബുക്കിങ് നടത്തിയാല്‍ ലഭിക്കുന്ന സന്ദേശമനുസരിച്ച് ഡോക്ടറെ കാണാന്‍ തീയതിയും സമയവും ലഭിക്കും. കാത്തിരിപ്പില്ലാതെ ഇത് നടത്താം. പിന്നീട് വിശദ പരിശോധന ആവശ്യമുണ്ടെങ്കില്‍ മറ്റ് ആശുപത്രികളിലേക്ക് രോഗ വിവരങ്ങള്‍ കൈമാറാം. ഒ.പി ടിക്കറ്റ് വിതരണത്തിനും മരുന്നു വിതരണത്തിനും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നും പ്രാഥമിക ചര്‍ച്ചയില്‍ തീരുമാനിച്ചെങ്കിലും പിന്നീട് നടപടികളുണ്ടായിട്ടില്ല. സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ മെഡിക്കല്‍ കോളജ് ആശുപത്രി എച്ച്.എം.സി യോഗത്തില്‍ ജനപ്രതിനിധികള്‍ മോണിറ്ററിങ് നടത്താത്തതും സ്ഥിതിഗതികള്‍ സമയബന്ധിതമായി നടത്താന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താത്തതും പ്രതിസന്ധിക്ക് കാരണമാവുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.