നിലമ്പൂർ: പുഞ്ചക്കൊല്ലി ആദിവാസി കോളനിയോട് ചേർന്ന കോരൻപുഴക്ക് കുറുകെയുള്ള പാലത്തിന് മുകളിൽ വെള്ളം കയറി കോളനിക്കാർ വനത്തിൽ അകപ്പെട്ടു. വീട്ടാവശ്യത്തിനുള്ള സാധനങ്ങളും മറ്റും വാങ്ങാനെത്തിയ കുടുംബങ്ങളാണ് വീടുകളിലെത്താൻ കഴിയാതെ മണിക്കൂറുകൾ കാട്ടിൽ അകപ്പെട്ടത്. രാത്രി വൈകിയും പുഴ കടക്കാനാവാതെ വനത്തിൽ കാത്തിരിക്കുകയാണ്. പുഴയോട് ചേർന്ന കോളനിയിലെ രവീന്ദ്രെൻറ വീട്ടിലും വെള്ളം കയറി. ചൊവ്വാഴ്ച രാവിലെ മുതൽ പ്രദേശത്ത് മഴയുണ്ട്. കോളനിയോട് ചേർന്നൊഴുകുന്ന പുന്നപ്പുഴയിൽ വെള്ളം കവിഞ്ഞ് കോളനിക്ക് സമീപമെത്താറുണ്ട്. എന്നാൽ, കോളനിക്ക് ഇടതുവശത്തിലൂടെയുള്ള പുന്നപ്പുഴയുടെ പ്രധാന കൈവരിയായ കോരൻപുഴയിൽ പാലത്തിന് മുകളിൽ വെള്ളം കയറുന്നത് അപൂർവമാണ്. മലക്ക് മുകളിൽ കനത്ത മഴയുണ്ടാകുന്ന സമയത്താണ് പാലത്തിന് മുകളിൽ വെള്ളം കയറാറ്. മണിക്കൂറിനകം വെള്ളം ഇറങ്ങി യാത്ര ചെയ്യാൻ കഴിയാറുമുണ്ട്. എന്നാൽ, പതിവിന് വിപരീതമായാണ് ചൊവ്വാഴ്ച സംഭവിച്ചത്. മഴ തുടർന്നതിനാൽ വെള്ളത്തിെൻറ ഒഴുക്ക് കൂടുകയായിരുന്നു. ഉച്ചയോടെയാണ് പാലത്തിന് മുകളിൽ വെള്ളം കയറിയത്. കുത്തൊഴുക്ക് കാരണം പുഴ കടക്കാൻ കഴിയാത്ത സ്ഥിതിയാണ്. പുഴയിൽനിന്ന് അഞ്ച് മീറ്റർ ഉയരത്തിലുള്ള താൽക്കാലിക കോൺക്രീറ്റ് പാലമാണിത്. വൈകീട്ടും പാലം കടക്കാനായിട്ടില്ല. പതിനഞ്ചോളം പേരാണ് പുഴയുടെ ഇക്കരെ വനത്തിൽ കുടുങ്ങിയത്. കാട്ടാന ഉൾപ്പെടെയുള്ള വനമേഖലയാണിത്. ചോലനായ്ക്ക, -കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട പുഞ്ചക്കൊല്ലി കോളനിയിലെ 64ഉം അളക്കൽ കോളനിയിലെ 32ഉം കുടുംബങ്ങൾ കൂടാതെ പുഞ്ചക്കൊല്ലി റബർ പ്ലാേൻറഷനിലെ തൊഴിലാളികളും ഈ പാലമാണ് ഉപയോഗിക്കുന്നത്. വനത്തിലെ കോളനിക്കാർക്ക് പുറംലോകവുമായി ബന്ധപ്പെട്ടാനുള്ള ഏക മാർഗവും പാലം വഴിയുള്ള വനപാതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.