നിലമ്പൂർ: ഡെങ്കിപ്പനി ബാധിച്ച വഴിക്കടവ് പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനത്തിന് ജീവനക്കാരില്ലാതെ ആരോഗ്യവകുപ്പ് കിതക്കുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട പഞ്ചായത്താണിത്. പനിബാധിതരുടെ എണ്ണം പഞ്ചായത്തിൽ 300 കവിഞ്ഞതായാണ് റിപ്പോർട്ട്. അടുത്തിടെയാണ് വഴിക്കടവിലെ ആരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കി (ഫാമിലി ഹെൽത്ത് സെൻറർ) ഉയർത്തിയത്. ഇവിടെ ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ടെങ്കിലും വർക്കിങ് അറേഞ്ച്മെൻറിൽ ജില്ലക്ക് പുറത്താണ് ഇയാൾ ജോലി ചെയ്യുന്നത്. അഞ്ച് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ വേണ്ടിടത്ത് രണ്ട് പേർ മാത്രമാണുള്ളത്. ഒരു ജൂനിയർ ഹെൽത്ത് പബ്ലിക് നഴ്സിെൻറ സേവനവും ഇവിടെ ലഭിക്കുന്നില്ല. ഫലത്തിൽ രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സേവനം മാത്രമാണ് സംസ്ഥാന അതിർത്തി പഞ്ചായത്തായ വഴിക്കടവിലുള്ളത്. നിലവിലുള്ള ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ ഒരു ദിവസം പൊലും ലീവെടുക്കാൻ കഴിയാത്ത ദുർഗതിയിലാണ്. മതിയായ പ്രതിരോധ പ്രവർത്തനങ്ങളുടെ കുറവ് കാരണം പഞ്ചായത്തിൽ പനിബാധിതരുടെ എണ്ണം ദിവസം തോറും കൂടിവരുന്നുണ്ട്. ആനമറി, കെട്ടുങ്ങൽ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി ബാധിതർ ഏറെയുള്ളത്. ആനമറി ഭാഗത്തുനിന്ന് ഞായറാഴ്ചയും ഡെങ്കിപ്പനി മൂർച്ഛിച്ച രണ്ട് പേരെ വിദഗ്ധ ചികിത്സക്ക് വിധേയരാക്കി. ഡെങ്കിപ്പനി മൂലം ഒന്നിലധികം മരണം പഞ്ചായത്തിലുണ്ടായി. പനി പടർന്നു പിടിച്ചത് നാട്ടുകാർക്കിടയിൽ ആശങ്ക പരത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ് മതിയായ ജീവനക്കാരുടെ സേവനം അടിയന്തരമായി ഉറപ്പാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.