തിരൂർ: തിരൂരിലെ സ്റ്റേഷൻ മാസ്റ്റർ ഓഫിസ് അടച്ചുപൂട്ടാൻ കെ.എസ്.ആർ.ടി.സിയുടെ ഉത്തരവ്. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച നിർദേശം പൊന്നാനി ഡിപ്പോയിൽ ലഭിച്ചത്. പൊന്നാനി ഡിപ്പോക്കു കീഴിലാണ് തിരൂർ ഓഫിസ് പ്രവർത്തിക്കുന്നത്. ആയിരക്കണക്കിന് യാത്രക്കാർക്ക് ഉപകാരപ്പെടുന്ന ഓഫിസിനാണ് കെ.എസ്.ആർ.ടി.സി താഴിടുന്നത്. ചമ്രവട്ടം പാലം ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു ഓഫിസ് തുടങ്ങിയത്. ഇരുപതിലേറെ ഓർഡിനറി സർവിസുകളുടെയും നാൽപതോളം ദീർഘദൂര സർവിസുകളും ഇവിടെ നിയന്ത്രിക്കുന്നുണ്ട്. ഓൺലൈൻ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തണമെന്നും തിരൂരിൽ സബ് ഡിപ്പോ അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങൾ നിലനിൽക്കെയാണ് ഉള്ള കേന്ദ്രവും പൂട്ടുന്നത്. ദിവസവും ഒട്ടനവധി യാത്രക്കാർ എസ്.എം ഓഫിസിനെ ആശ്രയിക്കുന്നുണ്ട്. നഗരസഭ ബസ്സ്റ്റാൻഡ് കെട്ടിടത്തിൽ തിരൂർ ചേംബർ ഓഫ് കോമേഴ്സ് നിർമിച്ചുനൽകിയ കേന്ദ്രത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. കെ.എസ്.ആർ.ടി.സി മുറി തേടിയപ്പോൾ നഗരസഭ അനുവദിക്കാതിരുന്നതോടെയായിരുന്നു ചേംബർ ഓഫ് കോമേഴ്സ് താൽക്കാലിക ആസ്ഥാനം നിർമിച്ചുനൽകിയത്. പി.പി. അബ്ദുല്ലക്കുട്ടി എം.എൽ.എയായിരിക്കെയായിരുന്നു എസ്.എം ഓഫിസിന് സ്ഥലം തേടി കെ.എസ്.ആർ.ടി.സി നഗരസഭയെ സമീപിച്ചത്. സി. മമ്മുട്ടി എം.എൽ.എയുടെ ഇടപെടലിനെ തുടർന്നായിരുന്നു ഓഫിസ് പ്രവർത്തനം തുടങ്ങിയത്. അടച്ചുറപ്പുള്ള സൗകര്യം ഒരുക്കിയാൽ ഓൺലൈൻ റിസർവേഷൻ കേന്ദ്രത്തിനാവശ്യമായ തുക അനുവദിക്കാമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം, വൈറ്റില, ആലപ്പുഴ, കോഴിക്കോട്, പറശ്ശിനിക്കടവ് തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ദീർഘദൂര സർവിസുകൾക്കു പുറമെ ബംഗളൂരു, കോയമ്പത്തൂർ തുടങ്ങിയ അന്തർ സംസ്ഥാന സർവിസുകളും തിരൂരിൽനിന്നുണ്ട്. അടുത്തയാഴ്ചയോടെ പൊന്നാനിയിൽനിന്ന് മൈസൂരു സർവിസും ആരംഭിക്കാനിരിക്കുകയാണ്. സ്വകാര്യ ബസ് പണിമുടക്കിൽ യാത്രക്കാർ വലയുമ്പോൾ എസ്.എം ഓഫിസ് കേന്ദ്രീകരിച്ച് സർവിസുകൾ ക്രമീകരിച്ചിരുന്നത് യാത്രക്കാർക്ക് വലിയ അനുഗ്രഹമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.