മലപ്പുറം: നികുതി വിപ്ലവമെന്ന് വിശേഷിപ്പിക്കുന്ന ചരക്കുസേവന നികുതി (ജി.എസ്.ടി) രാജ്യത്തെ ഭിന്നശേഷിക്കാർക്ക് നൽകുക ഇരട്ടിഭാരം. ജി.എസ്.ടി പ്രാബല്യത്തിൽ വരുന്നതോടെ ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന വസ്തുക്കൾക്ക് അഞ്ച് ശതമാനം മുതൽ 18 ശതമാനം വരെ നികുതി വരും. പ്രത്യേക പരിഗണന അർഹിക്കുന്നതിനാൽ ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന അവശ്യവസ്തുക്കളെ നേരത്തേ എല്ലാ നികുതിയിൽനിന്ന് ഒഴിവാക്കിയിരുന്നു. മേയ് 18ന് ചേർന്ന ജി.എസ്.ടി കൗൺസിലാണ് ബ്രെയിൽ പേപ്പറിനും വീൽചെയറുകൾക്കും അടക്കം നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചത്. ജൂൺ മൂന്നിന് ചേർന്ന കൗൺസിലിലും ഇതിൽ മാറ്റം വരുത്തിയില്ല. ബ്രെയിൽ പേപ്പറിന് 12 ശതമാനം, ബ്രെയിൽ ടൈപ്റൈറ്റർ 18 ശതമാനം, ബ്രെയിൽ വാച്ച് 12 ശതമാനം, ഭിന്നശേഷിക്കാരുടെ വാഹനം അഞ്ച് ശതമാനം, കാറുകൾക്ക് 18 ശതമാനം എന്നിങ്ങനെയാണ് നികുതി ഏർപ്പെടുത്തുക. ഇതോടെ ക്രച്ചസ്, വീൽചെയർ, വാക്കിങ് സ്റ്റിക്ക്, കൃത്രിമ അവയവങ്ങൾ, കേൾവി സഹായി ഉപകരണം എന്നിവക്കെല്ലാം വില കൂടും. നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഫെഡറേഷൻ ഒാഫ് ദ ബ്ലൈൻഡ് കേന്ദ്രധനമന്ത്രി അരുൺജെയറ്റ്ലിക്ക് കത്തയച്ചു. നികുതി ഏർപ്പെടുത്താനുള്ള ശ്രമം ക്രൂരതയാണെന്ന് ഒാൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ (എ.കെ.ഡബ്ല്യൂ.ആർ.എഫ്) സംസ്ഥാന സെക്രട്ടറി ജോമി ജോൺ ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.