മലപ്പുറം: ദേഹമാസകലം മുറിവുമായി ഭിക്ഷ യാചിച്ച ഇതരസംസ്ഥാനക്കാരനായ യുവാവിനെ പൊലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രവർത്തകരും ചേർന്ന് ആശുപത്രിയിലാക്കി. കൊൽക്കത്ത സ്വദേശിയായ ഇനാമുൽ (21)നെയാണ് പൊള്ളലേറ്റതിന് സമാനമായ വ്രണങ്ങളുമായി മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ അയൽവാസിയും സഹായിയായി ഒപ്പമുണ്ടായിരുന്നു. ഒരുകാലില്ലാത്ത ഇയാളായിരുന്നു ഭിക്ഷാടനത്തിന് ഇനാമുലിനെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ മലപ്പുറം കോട്ടപ്പടിയിലെ ബസ്സ്റ്റോപ്പിന് സമീപത്തുനിന്നും ഇരുവരെയും നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഭിക്ഷാടന മാഫിയ പൊള്ളലേൽപ്പിച്ചതാണെന്ന സംശയത്തെ തുടർന്ന് പൊലീസ് ഇയാളെ താലൂക്ക് ആശുപത്രി ത്വഗ് രോഗ വിഭാഗം ഒ.പിയിൽ പരിശോധിപ്പിച്ചെങ്കിലും വൈറസ്ബാധ മൂലമുണ്ടായ വ്രണങ്ങളാണെന്ന് കണ്ടെത്തി. പ്രായം കുറവാണെന്ന സംശയത്തെ തുടർന്ന് നാട്ടുകാർ ചൈൽഡ് ലൈൻ അധികൃതരെയും വിവരമറിയിച്ചിരുന്നു. സ്ഥലത്തെത്തിയ ചൈൽഡ് വെൽഫെയർകമ്മിറ്റി അധികൃതരാണ് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് ഇയാളെ മാറ്റിയത്. തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം ഇവിടെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. അന്വേഷണത്തിൽ 12 ദിവസമായി ഇവർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ തങ്ങി ഭിക്ഷാടനം നടത്തുന്നതായി വ്യക്തമായി. ഇവരിൽനിന്ന് 3000 രൂപയും ആധാർ കാർഡും കണ്ടെത്തി. ഇരുവരും വാടകക്ക് താമസിച്ചിരുന്ന പെരിന്തൽമണ്ണ ജൂബിലി റോഡിലെ വീട്ടുടമസ്ഥനോടും പൊലീസും സി.ഡബ്ല്യു.സി അധികൃതരും വിവരങ്ങൾ ആരാഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.