മലപ്പുറം: ജില്ലയിൽ പ്രീ ഹോസ്പിറ്റൽ രംഗം കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ജില്ല പഞ്ചായത്തും ഭരണകൂടവും തദ്ദേശ ഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് 102 ആംബുലൻസ് പദ്ധതി നടപ്പാക്കുന്നു. ജില്ലയിലെ എല്ലാ ആശുപത്രികളുടെയും സഹകരണത്തോടെയാണ് പദ്ധതി. ഈ രംഗത്ത് പ്രവർത്തിക്കുന്ന ഏഞ്ചൽസ് എന്ന സംഘടനയുടെ സഹകരണം ഉപയോഗിക്കും. അപകടത്തിൽപെടുന്നവരെ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് അഞ്ച് മിനിറ്റിനുള്ളിൽ ആംബുലൻസിൽ തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. സാമൂഹിക രംഗത്ത് ഇടപെടാൻ കഴിയുന്ന വിദഗ്ധ പരിശീലനം ലഭിച്ച ആളുകളെ ഇതിനായി പ്രയോജനപ്പെടുത്തും. ഇത്തരക്കാരെ കണ്ടെത്തി അടിയന്തര ശുശ്രൂഷരംഗത്ത് പ്രത്യേക പരിശീലനം നൽകും. രണ്ടാഴ്ചക്കകം പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. മറ്റ് പല ജില്ലകളിലും ഈ പരിപാടി നടക്കുന്നുണ്ടെങ്കിലും ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ പ്രത്യേക പരിശീലനം നൽകി ആളുകളെ കണ്ടെത്തുന്നത് ജില്ലയിലാണ്. ഇതിനായി ഗ്രാമപഞ്ചായത്തുകളിൽനിന്ന് വാർഡ് തലത്തിൽ 10 പേരെ വീതം പരിശീലനം നൽകി പങ്കാളികളാക്കും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഏറ്റവും ഊർജസ്വലരായവരെ ഇതിനായി കണ്ടെത്തും. ഇതിെൻറ ഭാഗമായി ജില്ലയിലെ സർക്കാർ-സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ തുക നീക്കിവെക്കും. പദ്ധതി നടപ്പാക്കുന്നതിെൻറ ഭാഗമായി ജില്ലയിലെ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് നാല് സ്ഥലങ്ങളിലായി ഒരു ദിവസത്തെ പരിശീലനം നൽകി. പദ്ധതിക്കായി ജില്ല പഞ്ചായത്ത്, ജില്ല ഭരണകൂടം എന്നിവ ഫണ്ട് വകയിരുത്തും. എന്നാൽ, ഭാവിയിൽ തദ്ദേശ ഭരണസ്ഥാപനങ്ങളും ഇതിനായി തുക നീക്കിവക്കേണ്ടിവരും. പദ്ധതിക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കൺട്രോൾ റൂം ആരംഭിക്കാൻ തീരുമാനിച്ചു. യോഗം പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടർ അമിത് മീണ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉമ്മർ അറക്കൽ, ജില്ല പഞ്ചായത്തംഗം സലീം കുരുവമ്പലം, ഏഞ്ചൽസ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.കെ ബിജു, ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന, ഡോ. ഷിബുലാൽ, ജില്ലയിലെ പ്രധാന 17 ആശുപത്രികളുടെ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.