നിലമ്പൂർ: നാടുകാണി ചുരം വഴി കേരളത്തിലേക്കുള്ള ചരക്ക് ഇറക്കുമതി സധാരണ ഗതിയിലേക്ക്. ചരക്ക് സേവന നികുതി പ്രാബല്യത്തിലായ ജൂലൈ ഒന്നുമുതൽ ഇതുവഴിയുള്ള ചരക്ക് ഇറക്കുമതി നാമമാത്രമായി മാറിയിരുന്നു. ശരാശരി 350നും 400മിടയിലുള്ള ചരക്ക് വാഹനങ്ങളാണ് ദിനംപ്രതി ചുരം വഴിയെത്തിയിരുന്നത്. ജി.എസ്.ടി വന്നതോടെ ഇത് നൂറിൽ താഴെയായി കുറഞ്ഞിരുന്നു. തുടർദിവസങ്ങളിൽ ചരക്ക് വരവിൽ നേരിയ തോതിൽ വർധനവ് കണ്ടിരുന്നെങ്കിലും ആനുപാതികമായുള്ള വരവുണ്ടായിരുന്നില്ല. ഡീലർമാർ ജി.എസ്.ടിയിലേക്ക് മാറാൻ മടിച്ചതോടെയാണ് ഇറക്കുമതി കുറഞ്ഞത്. ആന്ധ്ര, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള ഗ്രാനേറ്റ്, മാർബിൾ, അരി, പഞ്ചസാര, മറ്റു പലവ്യഞ്ജനങ്ങളാണ് ഇതുവഴി ഇറക്കുമതിയുണ്ടായിരുന്നത്. ജി.എസ്.ടി വന്നതോടെ ഗ്രാനേറ്റ്, മാർബിൾ ഇറക്കുമതിയിലാണ് വൻ കുറവ് അനുഭവപ്പെട്ടത്. എന്നാൽ രാജ്യത്തെ എല്ലാ വ്യാപാരികളും ജുലൈ 30നകം ജി.എസ്.ടിയിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്ന കേന്ദ്രസർക്കാരിെൻറ കർശന നിർദേശം വന്നതോടെയാണ് ചരക്ക് ഇറക്കുമതി സാധാരണഗതിയിലേക്ക് വന്നു തുടങ്ങിയത്. ഈ മാസാവസാനത്തോടെ രജിസ്ട്രേഷൻ നടത്തണമെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ വാർത്തകുറിപ്പിലാണുള്ളത്. രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്ക് നികുതിയിളവ് ലഭിക്കില്ലെന്നും പിഴ ഒടുക്കേണ്ടിവരുമെന്നും വാർത്തകുറിപ്പിൽ അടിവരയിട്ട് പറയുന്നുണ്ട്. മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലേക്കാണ് നാടുകാണി ചുരം വഴിയുള്ള ചരക്ക് ഇറക്കുമതിയുള്ളത്. ശരാശരി ഇപ്പോൾ 200നു മുകളിൽ ചരക്ക് വാഹനങ്ങൾ ദിനം പ്രതി ഇതുവഴി വന്നു തുടങ്ങിയിട്ടുണ്ട്. അതേസമയം ഇപ്പോഴും ഇറക്കുമതിയുള്ള ചില ചരക്കുകളിലെ ബില്ലുകളിൽ കൃത്യമായി പ്ലൈസ് ഓഫ് സപ്ലൈ രേഖപ്പെടുത്തുന്നില്ല. കേരളത്തിെൻറ ഐ.ജി.എസ്.ടി കോഡ് -32 ആണ്. ചരക്ക് ഇറക്കുമതി രേഖകളിൽ ഈ കോഡ് നമ്പർ രേഖപ്പെടുത്തിയാലേ കേരളത്തിനുള്ള നികുതി വിഹിതം കേന്ദ്രത്തിൽ നിന്ന് ലഭിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.