മലപ്പുറം: വിലക്കുറവ് മോഹിപ്പിച്ചെത്തിയ ചരക്ക് സേവന നികുതി ഉപഭോക്താക്കളെ വലക്കുന്നു. ഹോട്ടലുകൾ, കോഴിയിറച്ചി മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നാണ് പരാതികൾ ഏറെയും. എ.സി റസ്റ്റാറൻറുകളിൽ 18 ശതമാനവും അല്ലാത്തവയിൽ 16 ശതമാനവുമാണ് ബില്ലിന് പുറമെ നികുതിയിനത്തിൽ വാങ്ങുന്നത്. 20 ലക്ഷം മുതൽ 75 ലക്ഷം വരെ വിറ്റുവരവുള്ള റസ്റ്റാറൻറുകൾ ജി.എസ്.ടി പരിധിയിലുള്ളതാണ് വിലക്കയറ്റത്തിന് കാരണമായി ഉടമകൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഇതിെൻറ മറവിൽ സാധാരണ ഹോട്ടലുകളിൽപോലും ഭക്ഷണത്തിന് വില കുറച്ചിട്ടില്ലെന്നാണ് പരാതി. ദിവസം 20,000 രൂപ വിറ്റുവരവുള്ള ഭക്ഷണശാലകൾക്ക് ജി.എസ്.ടി നൽകേണ്ടിവരുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോഴി ഫാമുകളുള്ളത് മലപ്പുറത്താണെങ്കിലും ജില്ലയിൽ കോഴി വില നാൾക്കുനാൾ വർധിക്കുകയാണ്. തമിഴ്നാട്ടിൽനിന്ന് കിലോ 110 രൂപക്ക് കോഴി ജില്ലയിലെത്തുന്നുണ്ടെങ്കിലും ഇവിടെ തന്നെ ഉൽപ്പാദിപ്പിക്കുന്നതിന് ഇതേ വില തന്നെയാണ് ഇടനിലക്കാർ ചില്ലറ വിൽപനക്കാരിൽനിന്ന് ഈടാക്കുന്നത്. അതേസമയം, തമിഴ്നാട്ടിലെ മൊത്തവിൽപനക്കാർ കേരളത്തിൽ നിന്നെത്തുന്ന എല്ലാവർക്കും ലോഡ് നൽകുന്നില്ലെന്നും പറയുന്നു. ജി.എസ്.ടിക്ക് ശേഷം 14.5 ശതമാനം നികുതിയില്ലാതാകുന്നുതോടെ കോഴി വില കുറയുമെന്ന പ്രചാരണം വ്യാപകമായിരുന്നു. ഇത് കാരണം ജില്ലയിലെ ചെറുകിട ഫാമുകൾ 70 ശതമാനവും ഉൽപാദനം നിർത്തി. എന്നാൽ, വിരലിലെണ്ണാവുന്ന വൻകിട ഫാമുകളാവട്ടെ കോഴിക്ക് വില വർധിപ്പിക്കുകയാണ് ചെയ്തതെന്ന് ചെറുകിട കച്ചവടക്കാർ പറഞ്ഞു. ബുധനാഴ്ച 128 മുതൽ 130 വരെയായിരുന്നു കിലോ വില. എന്നാൽ, പുതിയ ലോഡ് വന്നത് 137 മുതൽ 140 വരെ വിലയിൽ വിൽക്കാനാണ് വ്യാപാരികളുടെ തീരുമാനം. ഫലത്തിൽ വലിയ ശതമാനം നികുതിയില്ലാതായിട്ടും ഇടനിലക്കാർ കാരണം ഇതിെൻറ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കാതെ പോകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.