മഞ്ചേരി: നാട് പനിച്ചുവിറക്കുമ്പോഴും ജില്ലയിലെ ഇ.എസ്.ഐ ഡിസ്പെൻസറികൾ നിർജീവം. ഡോക്ടർമാർ സ്ഥിരമായി എത്താത്തതിനാലും പദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളി കുടുംബങ്ങൾക്ക് ചികിത്സയും സേവനവും സംബന്ധിച്ച് വേണ്ടത്ര വിവരം നൽകാത്തതിനാലുമാണ് ഈ സ്ഥിതി. ആഴ്ചയിൽ എല്ലാദിവസവും പ്രവർത്തിക്കേണ്ട ക്ലിനിക്കുകൾ മൂന്നോ നാലോ ദിവസമാണ് പ്രവർത്തിക്കുന്നത്. ഏത് ദിവസമാണ് ഡോക്ടറുടെ സേവനം ലഭിക്കുകയെന്ന് അറിയാൻ വഴിയില്ലാത്തതിനാൽ സൗജന്യമായി ലഭിക്കേണ്ട സേവനം തൊഴിലാളി കുടുംബങ്ങൾക്ക് ലഭിക്കുന്നില്ല. കോട്ടക്കൽ, വാഴക്കാട്, മഞ്ചേരി, പെരിന്തൽമണ്ണ, നിലമ്പൂർ, കുറ്റിപ്പുറം, മലപ്പുറം എന്നിവിടങ്ങളിലാണ് ജില്ലയിൽ ഇ.എസ്.ഐ ഡിസ്പെൻസറികളും ഫാർമസികളും. കോട്ടക്കലിൽ വേണ്ടത്ര സേവനം ലഭിക്കുന്നുണ്ട്. ഡെങ്കിപ്പനിയും മറ്റു പകർച്ചരോഗങ്ങളും പടർന്നുപിടക്കുമ്പോഴും മഞ്ചേരി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ പൂർണമായി സേവനം ലഭിക്കുന്നില്ല. ചികിത്സതേടി അംഗങ്ങൾ വരുന്നതിനെ പ്രോത്സാഹിപ്പിക്കാത്ത സ്ഥിതിയുമുണ്ട്. തൊഴിൽ കേന്ദ്രങ്ങളിൽ നിശ്ചിത തുകക്ക് താഴെ പ്രതിമാസം അടിസ്ഥാന ശമ്പളമുള്ളവർക്ക് തൊഴിൽവകുപ്പിെൻറ മേൽനോട്ടത്തിൽ നടക്കുന്നതാണ് ഐ.എസ്.ഐ ചികിത്സ ആനുകൂല്യം. തൊഴിലുടമയും തൊഴിലാളിയും ഇതിന് നിശ്ചിത തുക പ്രതിമാസം സർക്കാറിലേക്ക് അടക്കുന്നുണ്ട്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെ പനി ക്ലിനിക്കിലോ ജനറൽ മെഡിസിൻ ഒ.പിയിലോ 350ന് മുകളിലാണ് ഒ.പിയിലെത്തുന്ന രോഗികൾ. എന്നാൽ, മഞ്ചേരി കച്ചേരിപ്പടി ബസ്സ്റ്റാൻഡിന് മുകളിൽ പ്രവർത്തിക്കുന്ന ഇ.എസ്.ഐ ക്ലിനിക്കിൽ പ്രതിദിനം എത്തുന്നത് കേവലം 15 രോഗികളാണ്. ബുധനാഴ്ച ചികിത്സ തേടി എത്തിയവരോട് ഡോക്ടറില്ലെന്നാണ് അറിയിച്ചത്. എന്നെല്ലാമാണ് ഡോക്ടർ ഉണ്ടാവുകയെന്നതിനും കൃത്യമായ മറുപടിയില്ല. 800ഒാളം പേരാണ് മഞ്ചേരിയിൽ രജിസ്റ്റർ ചെയതത്. ഒരു കാർഡിൽ ആശ്രിതരടക്കം നാലുപേരെങ്കിലും ഉണ്ടെന്നതിനാൽ 3,200 പേർ കേന്ദ്രം ആശ്രയിക്കുന്നുണ്ട്. ചികിത്സതേടി എത്താത്തത് ഇവിടെ ഡോക്ടറുടെ സേവനം കൃത്യമായ ലഭിക്കാത്തതിനാലാണ്. ഇ.എസ്.ഐ കേന്ദ്രങ്ങളെ ഇപ്പോൾ തൊഴിലാളികൾ ആശ്രയിക്കുന്നത് മെഡിക്കൽ ലീവ് അംഗീകരിച്ച് കിട്ടാനുള്ള രേഖക്കും മറ്റെവിടെയെങ്കിലും ചികിത്സ നടത്തുകയോ മരുന്നുവാങ്ങുകയോ ചെയ്തതിെൻറ ചെലവ് അംഗീകരിച്ച് കിട്ടാനും വേണ്ടിയാണ്. രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെയാണ് ക്ലിനിക്കുകളിൽ ഡോക്ടർമാർ വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.