ട്രാഫിക്ക് പരിഷ്കാരത്തിന് പുല്ലുവില: നിലമ്പൂരില്‍ ഗതാഗതക്കുരുക്കിന് പരിഹാരമായില്ല

നിലമ്പൂര്‍: നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ നിലമ്പൂരില്‍ ട്രാഫിക്ക് യൂനിറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലയിലെ പ്രധാന നഗരങ്ങളില്‍ ഒന്നായ നിലമ്പൂരില്‍ ട്രാഫിക്ക് യൂനിറ്റ് ഇല്ലാത്തത് ഗതാഗതക്കുരുക്കിനിടയാക്കുകയാണ്. അന്തര്‍ സംസ്ഥാന പാതയില്‍ ഗതാഗതക്കുരുക്ക് മൂലം യാത്രക്കാര്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്. ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്‍െറ ഭാഗമായാണ് നിലമ്പൂരില്‍ പുതിയ ബസ്സ്റ്റാന്‍ഡ് സ്ഥാപിച്ചത്. ബസ്സ്റ്റാന്‍ഡ് തുറന്നു പ്രവര്‍ത്തിച്ചതോടെ ടൗണിലെ പഴയ സ്റ്റാന്‍ഡില്‍ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. ചന്തക്കുന്ന് ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ പൊതുമരാമത്ത് ഓഫിസിനു സമീപത്തുകൂടി പുതിയ ലിങ്ക് റോഡ് വഴി സ്റ്റാന്‍ഡില്‍ പ്രവേശിക്കുകയും മില്‍മ റോഡുവഴി സി.എന്‍.ജി റോഡിലൂടെ മഞ്ചേരി ഭാഗത്തേക്ക് പോവുകയും മഞ്ചേരി, പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍നിന്ന് വരുന്ന ബസുകള്‍ ജ്യോതിപ്പടിയില്‍നിന്ന് മിനി ബൈപാസ് വഴി ബസ്സ്റ്റാന്‍ഡില്‍ കയറി മില്‍മ റോഡ് വഴി സി.എന്‍.ജി റോഡിലൂടെ ചന്തക്കുന്ന് ഭാഗത്തേക്ക് പോവുകയും ചെയ്യണമെന്നായിരുന്നു നിര്‍ദേശം. സ്റ്റാന്‍ഡില്‍നിന്ന് ബസ് പുറപ്പെട്ടാല്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ മാത്രമാണ് സ്റ്റോപ് ഉണ്ടായിരുന്നത്. എന്നാല്‍, നിലവില്‍ പുതിയ സ്റ്റാന്‍ഡില്‍നിന്ന് മഞ്ചേരി, പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുന്ന ബസുകളും ഈ ഭാഗത്തുനിന്ന് നിലമ്പൂരിലേക്ക് വരുന്ന ബസുകളും മില്‍മ റോഡുവഴി സി.എന്‍.ജി റോഡില്‍ കയറി ഇരുഭാഗത്തേക്കും പോവുമ്പോള്‍ മില്‍മ ബൂത്തിനു മുന്നിലും പഴയ സ്റ്റാന്‍ഡിലും നിര്‍ത്തി ആളുകളെ കയറ്റുന്നുണ്ട്. നിര്‍ദേശം ലംഘിച്ചാണ് ഈ കയറ്റിയിറക്കല്‍. ഇതുമൂലം ഈ ഭാഗങ്ങളില്‍ ഗതാഗതക്കുരുക്ക് പതിവാണ്. താഴെ ചന്തക്കുന്നിലും വീട്ടിക്കുത്ത് ജങ്ഷനിലും ട്രാഫിക്ക് സിഗ്നലുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇവ പ്രവര്‍ത്തന രഹിതമായിട്ട് വര്‍ഷങ്ങളായി. പകല്‍ സമയങ്ങളില്‍ പോലും പഴയ ബസ്സ്റ്റാന്‍ഡിന് മുന്നില്‍ ബസുകള്‍ നിര്‍ത്തി ആളെ കയറ്റുന്നുണ്ട്. കാല്‍നടക്കാര്‍ പോലും റോഡ് മുറിച്ചുകടക്കാന്‍ പ്രയാസപ്പെടുന്ന സ്ഥിതിയാണ്. ഹോം ഗാര്‍ഡുകള്‍ മാത്രമാണ് ഈ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണത്തിനുണ്ടാവാറുള്ളത്. ട്രാഫിക്ക് പരിഷ്കാരത്തിനായി നിരവധി യോഗങ്ങള്‍ പൊലീസും നഗരസഭയും ചേര്‍ന്ന് വിളിച്ചു ചേര്‍ക്കുന്നുണ്ടെങ്കിലും തീരുമാനങ്ങള്‍ ലംഘിക്കപ്പെടുന്നത് തുടരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.