ആയുര്‍വേദത്തെ അടുത്തറിയാന്‍ കോട്ടക്കലില്‍ മ്യൂസിയം വരുന്നു

കോട്ടക്കല്‍: ആയുര്‍വേദത്തിന്‍െറ ശാസ്ത്രീയരീതികള്‍ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കോട്ടക്കലില്‍ ആയുര്‍വേദ മ്യൂസിയം വരുന്നു. ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാര്യരുടെ സ്വപ്നപദ്ധതിക്ക് ആര്യവൈദ്യശാലയുടെ സ്ഥാപകദിനമായ തിങ്കളാഴ്ച തറക്കല്ലിടും. ദേശീയപാതയോട് ചേര്‍ന്ന് ചങ്കുവെട്ടി ജങ്ഷനില്‍ നിലവിലെ ഒ.പി കെട്ടിടം, ഗവേഷണകേന്ദ്രം എന്നിവയുടെ സമീപത്താണ് മൂന്ന് നിലയില്‍ കേരളീയ വാസ്തുവിദ്യയുടെ സമഗ്രസൗന്ദര്യത്തോടെ മ്യൂസിയം വിഭാവനം ചെയ്തിരിക്കുന്നത്. ആയുര്‍വേദം പിന്നിട്ട വഴികള്‍, പ്രാചീനകാലത്തെ രീതികള്‍, ചികിത്സാസംവിധാനം, ഒൗഷധങ്ങളുടെ നിര്‍മാണ പ്രയോഗക്രമങ്ങള്‍ എന്നിവ ആധുനിക സംവിധാനങ്ങളിലൂടെ വിവരിക്കും. വീഡിയോ പ്രദര്‍ശനം, ടച്ച് സ്ക്രീന്‍, പെയിന്‍റിങ്, മിനി തിയറ്റര്‍ എന്നിവയും മൂസിയത്തിലൊരുക്കും. അപൂര്‍വ ഒൗഷധസസ്യങ്ങളുടെ ശേഖരവുമുണ്ടാകും. ആയുര്‍വേദ വിദ്യാര്‍ഥികള്‍, അക്കാദമിക വിദഗ്ധര്‍, സാമൂഹിക ശാസ്ത്ര വിദ്യാര്‍ഥികള്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ക്ക് ആയുര്‍വേദത്തെക്കുറിച്ച് പഠിക്കാനുള്ള വിജ്ഞാനകേന്ദ്രം കൂടിയാകുമിത്. ശിലാസ്ഥാപനചടങ്ങിന്‍െറ ഭാഗമായി തിങ്കളാഴ്ച നടക്കുന്ന സമ്മേളനം ഇ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.