ജീവനക്കാരില്ല : ആര്‍.ഡി.ഡി ഓഫിസ് പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍

മലപ്പുറം: ജീവനക്കാരില്ലാത്തതിനാല്‍ മലപ്പുറത്തെ ഹയര്‍ സെക്കന്‍ഡറി മേഖല ഓഫിസ് പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍. മലപ്പുറം, പാലക്കാട് ജില്ലകളിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുടെ ചുമതല മലപ്പുറം സിവില്‍ സ്റ്റേഷനിലെ റീജനല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിനാണ്. 15 ജീവനക്കാര്‍ വേണ്ടിടത്ത് ആര്‍.ഡി.ഡിയുള്‍പ്പെടെ ആറുപേര്‍ മാത്രമാണ് നിലവിലുള്ളത്. സൂപ്രണ്ട്, അക്കൗണ്ട്സ് ഓഫിസര്‍ ഉള്‍പ്പെടെ സുപ്രധാന തസ്തികകള്‍ മാസങ്ങളായി ആളില്ല. മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഉള്‍പ്പെടുന്ന 402 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളാണ് മലപ്പുറം ആര്‍.ഡി.ഡിയുടെ പരിധിയിലുള്ളത്. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുള്ള ജില്ലകളാണ് ഓഫിസ് പരിധിയില്‍ വരുന്നത്. ഇത്രയും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുടെ ഭരണപരവും അക്കാദമികവുമായ മുഴുവന്‍ ചുമതലകളും നിര്‍വഹിക്കേണ്ടത് ഈ ഓഫിസാണ്. നേരത്തേ ആറ് മാസത്തോളം ആര്‍.ഡി.ഡി തസ്തിക ഒഴിഞ്ഞുകിടന്നത് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് മാസം മുമ്പാണ് പുതിയ ആര്‍.ഡി.ഡി ചുമതലയേറ്റത്. എന്നാല്‍, അധികം വൈകാതെതന്നെ മറ്റു തസ്തികകളില്‍ ആളില്ലാതെയായി. ഭരണമാറ്റത്തെ തുടര്‍ന്ന് നേരത്തേയുണ്ടായിരുന്ന പലരെയും മറ്റു ജില്ലകളിലേക്കു സ്ഥലംമാറ്റി. പകരം നിയമനമുണ്ടായില്ല. സ്ഥലംമാറിയ ഉദ്യോഗസ്ഥര്‍ക്ക് പുറമേ നാലുപേര്‍ ദീര്‍ഘ അവധിയില്‍ പ്രവേശിക്കുക കൂടി ചെയ്തതോടെ ഓഫിസ് പ്രവര്‍ത്തനം സ്തംഭിച്ചു. എയ്ഡഡ് സ്കൂളുകളുടെ പ്രവര്‍ത്തനത്തെയാണ് ഇത് ഗുരുതരമായി ബാധിച്ചത്. കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച പുതിയ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെയും അധിക ബാച്ചിലെയും 3500ഓളം വരുന്ന അധ്യാപക-അനധ്യാപകര്‍ മൂന്നു വര്‍ഷമായി ശമ്പളമില്ലാതെയാണ് ജോലിയെടുക്കുന്നത്. ഇവര്‍ക്ക് ഗെസ്റ്റ് അധ്യാപകരുടേതിനു തുല്യമായ വേതനം ലഭ്യമാക്കണമെന്നറിയിച്ച് കഴിഞ്ഞ ഒക്ടോബര്‍ 31ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ആര്‍.ഡി.ഡി മുഖേനെയാണ് ഇതു വിതരണം ചെയ്യേണ്ടത്. ഉത്തരവിറങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും ഇതു നടപ്പായിട്ടില്ല. സൂപ്രണ്ട്, അക്കൗണ്ട് ഓഫിസര്‍ എന്നിവര്‍ക്ക് പുറമേ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ക്ളര്‍ക്ക്, ജീവനക്കാരുടെ പി.എഫുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍, മറ്റു ക്ളര്‍ക്കുമാര്‍ എന്നിവരുടെ കസേരകളാണ് ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.