2000 പേര്‍ക്ക് തൊഴില്‍ പദ്ധതിയുമായി ജെ.എസ്.എസ്

മലപ്പുറം: ജില്ലയില്‍ പിന്നാക്കം നില്‍ക്കുന്ന രണ്ടായിരത്തോളം പേര്‍ക്ക് നടപ്പുവര്‍ഷം തൊഴില്‍ നല്‍കാനുള്ള പദ്ധതിയുമായി ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്‍ (ജെ.എസ്.എസ്) മലപ്പുറം യൂനിറ്റ്. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന് കീഴിലെ എന്‍.ജി.ഒ ആയ ജെ.എസ്.എസ് വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ കൂട്ടിയിണക്കിയാണ് ഇത്രയും പേര്‍ക്ക് തൊഴില്‍ നല്‍കുന്നത്. ജെ.എസ്.എസ് ചെയര്‍മാനും എം.പിയുമായ പി.വി. അബ്ദുല്‍ വഹാബിന്‍െറ നേതൃത്വത്തില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ അംഗീകാരം നല്‍കിയത്. യുനെസ്കോ അവാര്‍ഡ് തുകയായി ലഭിച്ച 13 ലക്ഷം രൂപ ഉപയോഗിച്ച് മൂന്നിടങ്ങളില്‍ പരിശീലനം നല്‍കാന്‍ മികവിന്‍െറ കേന്ദ്രങ്ങള്‍ ആരംഭിക്കും. നിലമ്പൂര്‍, മഞ്ചേരി, എരഞ്ഞിമങ്ങാട് എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. ആദിവാസികള്‍ക്കും തീരദേശ മേഖലയിലുള്ളവര്‍ക്കും അവരുടെ സംസാരഭാഷയില്‍തന്നെ പാഠഭാഗങ്ങള്‍ തയാറാക്കി സാക്ഷരത, തുടര്‍ വിദ്യാഭ്യാസ പരിശീലനം നല്‍കും. സ്റ്റേറ്റ് റിസോഴ്സ് സെന്‍ററുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രസര്‍ക്കാറിന്‍െറ ദീന്‍ ദയാല്‍ ഉപാധ്യായ് തൊഴില്‍ പരിശീലന പദ്ധതി, പ്രധാനമന്ത്രി കൗശല്‍ യോജന എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് തൊഴില്‍ പരിശീലനം. ദീന്‍ ദയാല്‍ ഉപാധ്യായ് പദ്ധതി പ്രകാരം തിരൂര്‍ മംഗലത്ത് പരിശീലന കേന്ദ്രം ആരംഭിക്കാനും തീരുമാനിച്ചു. എസ്.ആര്‍.സി ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍, ജില്ല പഞ്ചായത്ത് അംഗം ഇസ്മായില്‍ മൂത്തേടം, ജെ.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സമദ് സീമാടന്‍, ജെ.എസ്.എസ് ഡയറക്ടര്‍ വി. ഉമ്മര്‍കോയ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.