തൂതപ്പുഴ വറ്റിത്തുടങ്ങി; പ്രദേശവാസികള്‍ ആശങ്കയില്‍

കരിങ്കല്ലത്താണി: കനത്ത വരള്‍ച്ചയെ തുടര്‍ന്ന് ആലിപ്പറമ്പ്, തച്ചനാട്ടുകര, ചെര്‍പ്പുളശ്ശേരി പഞ്ചായത്തുകളുടെ പ്രധാന ജലസ്രോതസ്സായ മുറിയങ്കണ്ണിപ്പുഴ നേരത്തേ വറ്റിത്തുടങ്ങി. ഇതോടെ വിവിധ പഞ്ചായത്തുകളുടെ കുടിവെള്ള പദ്ധതികളെ ആശ്രയിക്കുന്നവര്‍ ആശങ്കയിലായി. അനധികൃതമായി വിവിധ കടവുകളില്‍നിന്ന് വെള്ളമെടുക്കുന്നത് കാരണം പലയിടങ്ങളിലും വെള്ളം നേരത്തേ തീര്‍ന്നു. അനധികൃത മണല്‍ഖനനത്തെ തുടര്‍ന്ന് രൂപപ്പെട്ട കുഴികള്‍ കാരണം നീരൊഴുക്ക് നിലച്ചതും ജലലഭ്യത കുറച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് പ്രദേശത്ത് അനധികൃത മണല്‍വാരല്‍ വര്‍ധിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. പുഴയിലെ ജലനിരപ്പ് കുറഞ്ഞതോടെ പ്രദേശത്തെ കിണറുകളിലും വെള്ളം കുറഞ്ഞിട്ടുണ്ട്. മിക്ക ഭാഗങ്ങളിലും പുഴ അരുവിയായി മാറി. അത്തിപ്പറ്റക്കടവിലെ രണ്ട് കുടിവെള്ള പദ്ധതികള്‍ക്കും വെള്ളം ലഭിക്കാത്തത്ത് കാരണം പ്രദേശവാസികള്‍ ദുരിതത്തിലാണ്. വെള്ളം ഒഴുകുന്ന ഭാഗങ്ങള്‍ കാടുപിടിച്ചതും വലിയ കുഴികളുള്ളതുമാണ്. ഇവിടെ കുളിക്കുമ്പോള്‍ അപകടമുണ്ടാകുന്നത് പതിവാണ്. പ്രദേശത്തെ വെള്ളക്ഷാമം പരിഹരിക്കുന്നതിന് ആറാട്ടുകടവില്‍ സ്ഥിരം തടയണ നിര്‍മിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. സാധാരണ മാര്‍ച്ചില്‍ മാത്രമേ പുഴയിലെ വെള്ളത്തിന്‍െറ ലഭ്യത കുറയാറുള്ളു. എന്നാല്‍, ഇപ്പോള്‍തന്നെ വെള്ളത്തിന്‍െറ അളവ് കുറഞ്ഞതിനാല്‍ കുടിവെള്ള പദ്ധതികളെ ആശ്രയിക്കുന്നവര്‍ ആശങ്കയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.