മലപ്പുറം മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങള്‍ മികവിന്‍െറ കേന്ദ്രങ്ങളാകുന്നു

മലപ്പുറം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍െറ ഭാഗമായി മലപ്പുറം മണ്ഡലത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളും മികവിന്‍െറ കേന്ദ്രങ്ങളാക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കി. ഇതിന്‍െറ ഭാഗമായി വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും പ്രധാനാധ്യാപകരുടെയും സഹകരണ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാമൂഹിക സന്നദ്ധ സംഘടനകളുടെയും യോഗം പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ സി.എച്ച്. ജമീല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എ അധ്യക്ഷനായും നഗരസഭ ചെയര്‍പേഴ്സന്‍, മലപ്പുറം ബ്ളോക്ക് പ്രസിഡന്‍റ് സലീന ടീച്ചര്‍ എന്നിവര്‍ ഉപാധ്യക്ഷരായും ജില്ല വിദ്യാഭ്യാസ ഓഫിസര്‍, എം.കെ. ഗോപി, ഇരുമ്പുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.എം. അനില്‍ എന്നിവര്‍ കണ്‍വീനറായും പദ്ധതിയുടെ മലപ്പുറം മണ്ഡലംതല സമിതി രൂപവത്കരിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ ജയപ്രകാശ്, ബി.പി.ഒ രാമകൃഷ്ണന്‍ എന്നിവര്‍ വര്‍ക്കിങ് കണ്‍വീനറായുമുള്ള സമിതിയില്‍ മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍, ജില്ല പഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അധ്യാപക സംഘടന ഭാരവാഹികള്‍ എന്നിവര്‍ അംഗങ്ങളാണ്. ജനുവരി 27ന് സ്കൂള്‍തല സംരക്ഷണ സമിതികള്‍ രൂപവത്കരിക്കും. അന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുക്കും. പഠനരീതിയും പഠന സൗകര്യങ്ങളും പശ്ചാത്തല സൗകര്യങ്ങളും അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്താനുള്ള വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുക, പഠന നിലവാരം ഉറപ്പുവരുത്താനാവശ്യമായ പഠനോപകരണങ്ങള്‍ വിദ്യാലയങ്ങളില്‍ എത്തിക്കുക, കമ്പ്യൂട്ടര്‍ പഠന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, എട്ട് മുതല്‍ 12 വരെ ക്ളാസുകള്‍ ഹൈടെക്ക് ആക്കുക, അധ്യാപകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുക, മാലിന്യ നിര്‍മാര്‍ജനം, മയക്കുമരുന്ന്, ലഹരിമുക്ത, കീടനാശിനി മുക്ത കാമ്പസ് എന്നിവ നടപ്പാക്കുക, വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുക, സര്‍ഗപരമായ കഴിവുകള്‍ വികസിപ്പിക്കുക തുടങ്ങിയ പരിപാടികള്‍ പദ്ധതി ലക്ഷ്യമിടുന്നു. ജില്ല വിദ്യാഭ്യാസ ഓഫിസര്‍ എം.കെ. ഗോപി സ്വാഗതവും മേല്‍മുറി എം.എം.ഇ.ടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.