കനിവിന്‍ രുചിക്കൂട്ടൊരുക്കി വിദ്യാര്‍ഥിനികളുടെ ഭക്ഷ്യോത്സവം

വണ്ടൂര്‍: സ്കൂളിലെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തുക കണ്ടത്തൊനായി ഫുഡ്ഫെസ്റ്റ് സംഘടിപ്പിച്ചു. വണ്ടൂര്‍ ഗേള്‍സ് ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ഥികളാണ് തുടര്‍ച്ചയായി മൂന്നാംതവണയും ഭക്ഷ്യമേളയുമായി രംഗത്തിറങ്ങിയത്. കേരളീയ വിഭവങ്ങളോടൊപ്പം അറേബ്യന്‍, ചൈനീസ് വിഭവങ്ങളും ഭക്ഷ്യമേളയില്‍ സ്ഥാനം പിടിച്ചു. ജീവിതശൈലീ രോഗങ്ങള്‍ വ്യാപകമാവുന്ന കാലത്ത് ആരോഗ്യകരമായ പാനീയങ്ങള്‍ പരിചയപ്പെടുത്തി. നെല്ലിക്ക, കാരറ്റ്, മാങ്ങ, പൈനാപ്പില്‍ തുടങ്ങിയ ജ്യൂസുകളും വ്യത്യസ്തമായി. അടപ്രഥമന്‍ തൊട്ട് മുളയരി പായസംവരെ വിദ്യാര്‍ഥികളുടെ കരവിരുതില്‍ രുചിവിസ്മയം തീര്‍ത്തു. വിദ്യാര്‍ഥികള്‍ തത്സമയം തയാറാക്കി നല്‍കുന്ന സ്പാനിഷ് മസാലക്കായിരുന്നു ആവശ്യക്കാരേറെ. കപ്പയും മത്തിക്കറിയും വിഭവോത്സവത്തിലും താരമായി. വീട്ടില്‍നിന്ന് തയാര്‍ ചെയ്തുകൊണ്ടുവന്ന സ്നാക്സ് ഐറ്റംസില്‍ പൊരി വിഭവങ്ങള്‍ തന്നെയായിരുന്നു ഏറെയും. കേക്കുകളിലെ തമ്പുരാന്‍ ബ്ളാക്ക് ഫോറസ്റ്റ് വിലക്കുറവോടെ സ്റ്റാളില്‍നിന്ന് ലഭിച്ചു. അധ്യാപകരുടെ നേതൃത്വത്തിലുള്ള സ്റ്റാളിലൊരുക്കിയ ഗ്രില്‍ഡ് ചിക്കനും ഓംലെറ്റും ബുള്‍സയിയും തട്ടില്‍ കുട്ടി ദോശയുമെല്ലാം രുചിയില്‍ മികച്ചുനിന്നു. രക്ഷിതാക്കളുടെയും അധ്യാപകരുടെയും സജീവ പിന്തുണയോടെയായിരുന്നു ഭക്ഷ്യമേള.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.